സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് യോഗ വിദ്യാഭ്യാസം നിർബന്ധമാക്കാൻ ആവശ്യപ്പെട്ട് സമർപിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം വിഷയങ്ങളിൽ കോടതിക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂളുകളിൽ എന്തെല്ലാം പഠിപ്പിക്കണമെന്ന് പറയാൻ തങ്ങൾ ആരുമല്ല. ഇത് തങ്ങളുടെ തൊഴിലല്ല. അത് എങ്ങനെ കോടതി തീരുമാനിക്കും- ജസ്റ്റിസ് എം.ബി. ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.
പരാതിക്കാരുടെ ആവശ്യം അനുവദിക്കാനാവുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം നിയന്ത്രിക്കുന്ന നിയമപ്രകാരം യോഗപഠനം മൗലികാവകാശമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
ഡൽഹി ബി.ജെ.പി വക്താവ് അശ്വിനി കുമാർ ഉപാധ്യായയും ജെ.സി സേത്തുമാണ് ഹരജി സമർപിച്ചത്. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് യോഗയും ആരോഗ്യ വിദ്യാഭ്യാസവും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. മാനവവിഭവശേഷി മന്ത്രാലയം, എൻ.സി.ഇ.ആർ.ടി., എൻ.സി.റ്റി.ഇ, സി.ബി.എസ്.ഇ എന്നിവരോട് യോഗയുടെ പുസ്തകങ്ങൾ നൽകണമെന്ന് ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ സ്കൂള്‍ സിലബസുകളില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. പൊലീസുകാര്‍ക്ക് യോഗ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.