ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാല്‍ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരായ ഹരജി തള്ളി
text_fieldsന്യൂഡൽഹി: ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയരാകാൻ അനുമതി നല്‍കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻ.ജി.ഒ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. പങ്കാളികൾ ഉപയോഗിച്ച ഗർഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ വ്യവസ്ഥ നീക്കംചെയ്യണമെന്നായിരുന്നു ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി തള്ളിയത്.
സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചൈൽഡ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഏതെങ്കിലും ഗർഭ നിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടതിന്‍റെ ഫലമായി ഗര്‍ഭം ധരിച്ചാല്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന അവസ്ഥ വന്നാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്കെതിരെയാണ് എൻ.ജി.ഒ ഹരജി നല്‍കിയത്.
ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി ബെഞ്ച് വിമുഖത പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഹരജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തു. ഹരജി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി വ്യവസ്ഥകളെ വെല്ലുവിളിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിചേർത്തു.
ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. എം.ടി.പി നിയമത്തിലെ വ്യവസ്ഥകളെ ചോദ്യംചെയ്യുന്നതില്‍ എന്ത് പൊതുതാൽപര്യമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. പാർലമെന്‍റ് സ്ത്രീകളുടെ താൽപ്പര്യത്തിനായി ചില വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഹരജി പിൻവലിച്ച് മറ്റു പ്രതിവിധികള്‍ തേടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഹരജി പിൻവലിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു. അടുത്തിടെയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിനാണ് അനുമതി നല്‍കിയത്.
പ്രത്യുൽപാദനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഓരോ സ്ത്രീയുടെയും അവകാശം മനുഷ്യാന്തസ്സിന്‍റെ ഭാഗമാണെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.