ഇലക്ടറൽ ബോണ്ടിൽ പുനഃപരിശോധനയില്ല; ഹരജികൾ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി അഭിഭാഷകൻ അഡ്വ. മാത്യൂസ് നെടുമ്പാറ അടക്കമുള്ളവർ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
വിധി പുനഃപരിശോധിക്കാവുന്ന തരത്തിലുള്ള ഒരു വാദഗതിയും ഹരജികളിലില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹരജി സംബന്ധിച്ച 2013ലെ സുപ്രീംകോടതി ചട്ട പ്രകാരം ഈ ഹരജികൾ പുനഃപരിശോധന അർഹിക്കുന്നില്ലെന്നും അതിനാൽ തള്ളുകയാണെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിധിയിൽ ബെഞ്ച് വ്യക്തമാക്കി.
ധന നിയമം, ജനപ്രാതിനിധ്യ നിയമം, കമ്പനി നിയമം എന്നിവ ഭേദഗതി ചെയ്ത് നരേന്ദ്ര മോദി സർക്കാർ 2018ൽ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത് ചോദ്യം ചെയ്ത് ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’ അടക്കമുള്ളവർ സമർപ്പിച്ച ഹരജികളിലായിരുന്നു കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയായ വിധി. സർക്കാറിന്റെ കരാറുകൾ ലഭിച്ചതും കേന്ദ്ര ഏജൻസികളുടെ വേട്ടക്കിരയായതുമായ നിരവധി കമ്പനികളും കോർപറേറ്റുകളും ഇലക്ടറൽ ബോണ്ടുകൾ വാരിക്കൂട്ടിയതിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുന്നവർ ആരെന്നത് അറിയേണ്ടത് വോട്ടർമാരുടെ മൗലികാവകാശമാണെന്ന് വ്യക്തമാക്കിയാണ് ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്.
തുടർന്ന് കേന്ദ്ര സർക്കാർ രഹസ്യമാക്കി വെച്ച ബോണ്ട് വാങ്ങിയവരുടെ പേരുകൾ സുപ്രീംകോടതി നിർദേശ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകാൻ സുപ്രീംകോതി ഉത്തരവിട്ടു. ഇതോടെ ഉദ്ദിഷ്ടകാര്യത്തിന് പല കമ്പനികളും സർക്കാറുകളെ നയിക്കുന്ന പാർട്ടികളോട് ഇലക്ടറൽ ബോണ്ടിലൂടെ കാണിച്ച ഉപകാര സ്മരണ വെളിച്ചത്താവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.