പാക് കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: പാകിസ്താനി കലാകാരന്മാരെ ഇന്ത്യയിൽ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ഇത്രയേറെ ഇടുങ്ങിയ മാനസികാവസ്ഥ കാട്ടരുതെന്ന് കോടതി ഹരജിക്കാരനോട് പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
ഫായിസ് അൻവർ ഖുറേഷി എന്ന സിനിമാപ്രവർത്തകനാണ് ഹരജിക്കാരൻ. പാക് കലാകാരന്മാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് വിലക്കണമെന്നും ഇവർക്ക് വിസ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഇയാളുടെ ഹരജി നേരത്തെ ബോംബെ ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇയാൾ സുപ്രീംകോടതിയിലെത്തിയത്.
ഇന്ത്യൻ സിനിമ മേഖലയിൽ പാകിസ്താൻ കലാകാരന്മാർക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും അതേസമയം, പാകിസ്താനിൽ ഇന്ത്യൻ കലാകാരന്മാർക്ക് പ്രവർത്തിക്കാൻ അവസരമില്ലാത്തതും വിവേചനപരമാണെന്നായിരുന്നു ഇയാളുടെ വാദം. പാക് കലാകാരന്മാർ ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യൻ കലാകാരന്മാരുടെ അവസരം കുറക്കുമെന്നും ഇയാൾ വാദിച്ചു.
ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്താൻ ടീമിന് അനുവാദം നൽകിയാൽ ഈ അവസരം ദുരുപയോഗം ചെയ്ത് പാകിസ്താനിൽ നിന്നുള്ള കലാകാരന്മാരും പാട്ടുകാരും ഇന്ത്യയിലെത്തുമെന്നും ഇത് ഇന്ത്യൻ കലാകാരന്മാരുടെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ഇയാൾ ഹരജിയിൽ പറഞ്ഞിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം നിരവധി ഇന്ത്യൻ സിനിമ സംഘടനകൾ പാക് കലാകാരന്മാരെ വിലക്കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എം.എൻ.എസ്) സിനിമവിഭാഗം പാക് കലാകാരന്മാരെ പങ്കെടുപ്പിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
എന്നാൽ, ഇത്തരമൊരു വാദമുന്നയിച്ച് വരരുതായിരുന്നെന്നും ഇത്ര ഇടുങ്ങിയ മാനസികാവസ്ഥ കാണിക്കരുതെന്നുമാണ് കോടതി പറഞ്ഞത്. തുടർന്ന് ഹരജി തള്ളുകയായിരുന്നു. നേരത്തെ, ദേശഭക്തി കാണിക്കേണ്ടത് ഇങ്ങനെയല്ലെന്ന് ഹരജി തള്ളിക്കൊണ്ട് ബോംബെ ഹൈകോടതിയും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.