സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹരജി തള്ളി സുപ്രീം കോടതി; ഹരജിക്കാരന് കോടതിയുടെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: ചരിത്ര സ്ഥലങ്ങളുടെയും നഗരങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. സ്ഥലങ്ങൾക്ക് അധിനിവേശക്കാരുടെ പേരുകളാണെന്ന് അവകാശപ്പെട്ടായിരുന്നു അശ്വിനി കുമാർ ഉപാധ്യായയുടെ ഹരജി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങൾക്ക് വിരുദ്ധമായ ഹരജിയാണിതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഹരജിക്കാരനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ഒരു സമൂഹത്തെ മുഴുവൻ കിരാതമെന്ന് വിശേഷിപ്പിക്കുന്നതിനോട് കോടതി വിയോജിച്ചു. ഇന്ത്യ ഇന്ന് ഒരു മതേതര രാജ്യമാണ്. നിങ്ങൾ വിരലുകൾ ചൂണ്ടുന്നത് ഒരു പ്രത്യേക സമൂഹത്തിന് നേരെയാണ്, അത് ക്രൂരമാണ്. രാജ്യം തിളച്ചുമറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? -ജസ്റ്റിസ് കെ.എം.ജോസഫ് ഹരജിക്കാരനോട് ചോദിച്ചു.
ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക നയം നമ്മുടെ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി. അത് തിരികെ കൊണ്ടുവരരുത്. ഇതിലേക്ക് ഒരു മതത്തെയും വലിച്ചിഴക്കരുത് -ജസ്റ്റിസ് നഗരത്ന പറഞ്ഞു. ഭൂതകാലത്തിന്റെ തടവുകാരായി തുടരാനാവില്ലെന്നും സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റരുതെന്നും ബെഞ്ച് ഹരജിക്കാരന് താക്കീത് നൽകി.
പരമാധികാരം നിലനിർത്തുന്നതിനും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും 'ക്രൂരരായ വിദേശ അധിനിവേശക്കാർ' പുനർനാമകരണം ചെയ്ത സ്ഥലങ്ങളുടെ ചരിത്രപരമായ പേരുകൾ കണ്ടെത്തുന്നതിന് പുനർനാമകരണ കമ്മീഷൻ രൂപീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശം നൽകണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.