റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള ഉത്തരവ് തിരികെ വിളിക്കണമെന്ന പി.എസ്.സിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം പി.എസ്.സി തള്ളുന്നത് അധികാര പരിധി കടക്കൽ ആണെന്ന ഉത്തരവ് തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട പി.എസ്.സിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പി.എസ്.സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിൽ മാത്രമാണ് ഉള്ളതെന്നും സുപ്രീംകോടതി ആവർത്തിച്ചു. ഇത്തരമൊരു ആവശ്യവുമായി പി.എസ്.സി സുപ്രീംകോടതിയെ സമീപിക്കാൻ കാരണം ഈഗോ ആണെന്നും സ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം പി.എസ്.സി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹരജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീം കോടതി പി.എസ്‍.സിയെ വിമർശിച്ചത്. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതും ജോലിയുടെ രീതിയനുസരിച്ച് മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും സർക്കാരിന്റെ അധികാരമാണ്. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ച് ഉദോഗർഥികളെ തെരഞ്ഞെടുത്ത് റാങ്ക് പട്ടിക തയ്യാറാക്കൽ മാത്രമാണ് പി.എസ്.സിയുടെ ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, തങ്ങളുടെ നിലപാട് കേൾക്കാതെയാണ് സുപ്രീം കോടതി മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ ഉത്തരവ് തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.എസ്.സി. സുപ്രീം കോടതിയെ സമീപിച്ചത്.
ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണ് പി.എസ്.സിയുടെ സ്വയംഭരണ അധികാരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം സംസ്ഥാന സർക്കാരിന്റേതാണെന്നും സുപ്രീംകോടതി പറഞ്ഞു. തൊഴിൽ നൽകുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത ഉൾപ്പടെ സംസ്ഥാന സർക്കാരിന് ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തൊഴിൽദാതാവ് എന്ന നിലയിൽ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്.സി. കടന്നുകയറുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.