‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ വ്യവസ്ഥക്കെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടിൽ ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി. ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നൽകുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന നൽകുന്നത് എന്തിനാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഒരു കമ്പനിയുടെ ഉദ്ദേശ്യം ലാഭമുണ്ടാക്കലാണെന്നും അല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യലല്ലെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
നേരത്തെ ഒരു കമ്പനിക്ക് സംഭാവന ചെയ്യാവുന്ന തുകയായി മൊത്തം ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നൊരു പരിധിയുണ്ടായിരുന്നുവെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. അത്തരമൊരു മാനദണ്ഡം വെച്ചത് ലാഭത്തിലോടുന്ന കമ്പനികളേ സംഭാവന നൽകാവൂ എന്ന നിലക്കാണ്. ആദ്യം ലാഭത്തിന്റെ അഞ്ചു ശതമാനമാണ് പരമാവധി സംഭാവനയായി നൽകാൻ നിശ്ചയിച്ചിരുന്നത്് പിന്നീട് അത് ഏഴര ശതമാനമാക്കി. ഇപ്പോൾ എന്താണ് ചെയ്തത്? സംഭാവന തെരഞ്ഞെടുപ്പ് ബോണ്ടായി നൽകാൻ കമ്പനി ലാഭത്തിലാകേണ്ട ആവശ്യമില്ലാതായി. ഇപ്പോൾ ഒരു കമ്പനിയുടെ വിറ്റുവരവും ലാഭവുമൊക്കെ വട്ടപ്പൂജ്യമായാലും ആ കമ്പനിക്ക് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാവുന്ന സാഹചര്യമായി. കിട്ടുന്ന വരുമാനം മുഴുവൻ രാഷ്ട്രീയ പാർട്ടിക്ക് കൊടുക്കാം എന്ന സ്ഥിതി ഇപ്പോൾ വന്നു.
ഇത് തടയാൻ കേന്ദ്ര സർക്കാർ കമ്പനി നിയമത്തിൽ ഭേദഗതി കൊണ്ടുവരുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. നിയമ ഭേദഗതി നിയമ നിർമാണ സഭയുടെ ധർമമാണെന്നും കേന്ദ്ര സർക്കാറിന്റെ പണിയല്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിന് മറുപടി നൽകി. മറുപടിയിൽ തൃപ്തനാകാതെത ലാഭത്തിന്റെ നിശ്ചിത വിഹിതമേ സംഭാവന നൽകാവൂ എന്ന നിയമം കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ലാഭത്തിന്റെ ശതമാനക്കണക്ക് പറയാനാവില്ലെന്നും ലാഭമുണ്ടാക്കുന്ന കമ്പനികളേ സംഭാവന നൽകാവൂ എന്ന നിലപാട് കേന്ദ്രത്തിന് എടുക്കാമെന്നുമായിരുന്നു എസ്.ജിയുടെ പ്രതികരണം.
കേന്ദ്രത്തിന്റെ ഈ നിലപാട് ഖണ്ഡിച്ച ചീഫ് ജസ്റ്റിസ് അങ്ങിനെയെങ്കിൽ ഒരു രൂപ ലാഭമുണ്ടാക്കിയ കമ്പനി 100 കോടി രൂപ സംഭാവന ചെയ്യുമല്ലോ എന്ന് തിരിച്ചടിച്ചു. എന്തിനാണ് ഒരു കമ്പനി അത് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനോട് ചോദിച്ചു. പാർട്ടികൾക്ക് സംഭാവന ചെയ്യാനല്ല കമ്പനി ഉണ്ടാക്കിയതെങ്കിൽ ലാഭത്തിന്റെ ചെറിയൊരു ഭാഗം സംഭാവന ചെയ്താൽ മതി എന്ന നിലക്കാണ് മുമ്പ് പരിധി വെച്ചതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു.
എല്ലാ സംഭാവനകളും അഴിമതിയുടെ ഭാഗമായിരിക്കും എന്ന കാഴ്ചപ്പാട് തെറ്റാണെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. ചില കേസുകളിൽ ഇത് കൈക്കൂലിയാകാം. എന്നാൽ ഭൂരിഭാഗം കേസുകളിലും തങ്ങൾ ആഗ്രഹിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തുന്നതിനാണ് കമ്പനികളും കരാറുകാരും വ്യക്തികളും എല്ലാം സംഭാവന നൽകുന്നത്. ഒരു 10 ശതമാനം കൈക്കൂലിയായിരിക്കാം. ഏത് ഭരണത്തിലാണ് തങ്ങളുടെ നിക്ഷേപം സുരക്ഷിതമാകുകയെന്ന് കമ്പനികൾ ആലോചിക്കുമെന്നും മേത്ത വാദിച്ചു. അവസാന ദിവസം അറ്റോർണി ജനറലും കേന്ദ്രത്തിന് വേണ്ടി വാദമുഖങ്ങൾ നിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.