ആരോപണക്കാരെയെല്ലാം അറസ്റ്റ് ചെയ്താൽ തെരഞ്ഞെടുപ്പിന് മുമ്പ് എത്ര പേർ ജയിലിലാകും? -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിമർശനം ഉന്നയിക്കുന്നവരെയും എതിരഭിപ്രായം പറയുന്നവരെയും അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ തെരഞ്ഞെടുപ്പിന് മുമ്പ് എത്ര പേർ ജയിലിലാകുമെന്ന് സുപ്രീംകോടതി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ തമിഴ് യൂട്യൂബർ ദുരൈമുരുഗൻ സാൈട്ടയുടെ ജാമ്യം പുനഃസ്ഥാപിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ജാമ്യത്തിലിറങ്ങിയപ്പോൾ കോടതിക്ക് രേഖാമൂലം നൽകിയ ഉറപ്പ് ലംഘിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വീണ്ടും അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് മദ്രാസ് ഹൈകോടതി സാൈട്ടയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെതിരെ സാൈട്ട സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. ജാമ്യം നൽകുന്നത് ഭാവിയിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന ഉപാധിയോടെ ആകണമെന്ന് തമിഴ്നാട് സർക്കാറിനുവേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹ്തഗി ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.
സാൈട്ടക്കെതിരായ എഫ്.ഐ.ആറുകൾ പരാമർശിച്ച സുപ്രീംകോടതി, അതിലൊന്ന് ബാബരി മസ്ജിദ് തകർത്തതിനെതിരായ പ്രതിഷേധത്തിൽ പങ്കാളിയായതിനും മറ്റൊന്ന് ചിലരെ കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനുമാണെന്ന് ചൂണ്ടിക്കാട്ടി. പ്രതിഷേധിച്ചതും കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചതും സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കാൻ ഇത് മതിയായ കാരണമല്ല.
അതേസമയം, ദുരൈമുരുഗൻ സാൈട്ട ജാമ്യം ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ തമിഴ്നാട് സർക്കാറിന് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.