സിനിമക്കിടയിലെ ദേശീയഗാനത്തിന് എഴുന്നേല്‍ക്കേണ്ടതില്ളെന്ന് സുപ്രീംകോടതി
text_fields
ന്യൂഡല്‍ഹി: സിനിമാരംഗങ്ങളിലും ഡോക്യുമെന്‍ററിയിലും ദേശീയഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റുനില്‍ക്കേണ്ടതില്ളെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. സിനിമ പ്രദര്‍ശനത്തിനുമുമ്പ് തിയറ്ററുകളില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന ഉത്തരവില്‍ മാറ്റമില്ളെന്നും എന്നാല്‍, കൂടെ ആലപിക്കേണ്ടതില്ളെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസ് ഏപ്രില്‍ 18ന് പരിഗണിക്കാനായി മാറ്റിവെച്ചു. അതേസമയം, സ്കൂളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ വ്യക്തമാക്കി.
ദേശീയഗാനം മുഴങ്ങുമ്പോള്‍ കൂടെ ആലപിക്കണമെന്നും എഴുന്നേറ്റുനില്‍ക്കണമെന്നുമുള്ള നിര്‍ദേശം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ചചെയ്യണം. കോടതിവിധിയിലൂടെ ദേശീയതയും ദേശസ്നേഹവും സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണെന്ന് എ.ജി വിശദീകരിച്ചു.
നവംബര്‍ 30നാണ് തിയറ്ററില്‍ സിനിമ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് വിവിധ തിയറ്ററുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. തിരുവനന്തപുരം ചലച്ചിത്രോത്സവത്തിനിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തവര്‍ക്കെതിരെ കേസെടുത്തു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സിനിമക്കിടയില്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തവരെ മര്‍ദിച്ച സംഭവങ്ങളുമുണ്ടായി.
ഈ സാഹചര്യത്തിലാണ് വ്യക്തത ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച ആമീര്‍ഖാന്‍െറ ഡംഗല്‍ സിനിമക്കിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ എഴുന്നേറ്റുനിന്നില്ളെന്ന് ആരോപിച്ച് മുംബൈയില്‍ 59കാരനെ മര്‍ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.