ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തിപ്പെടുത്തും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വാർത്താ ചാനലുകളുടെ നിലവിലുള്ള സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്നും നിയന്ത്രണം ശക്തിപ്പെടുത്താൻ സുപ്രീംകോടതി ആഗ്രഹിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. വാർത്താ ചാനലുകളുടെ സെൻസർഷിപ്പിന് സർക്കാർ നിയമം കൊണ്ടുവരരുത് എന്ന അസോസിയേഷന്റെ നിലപാട് അംഗീകരിക്കാമെങ്കിലും ഫലപ്രദമായ സ്വയം നിയന്ത്രണം ആവശ്യമായി വന്നിരിക്കുകയാണെന്ന് ബെഞ്ച് വിലയിരുത്തി. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻ.ബി.ഡി.എ), ചാനലുകൾ നിയന്ത്രിക്കാൻ രൂപം കൊടുത്ത ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ (എൻ.ബി.എസ്.എ) നടപടി കാര്യക്ഷമമല്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് തങ്ങൾ ഏർപ്പെടുത്തിയ സ്വയം നിയന്ത്രണ സംവിധാനത്തിനെതിരെ ബോംബെ ഹൈകോടതി നടത്തിയ നിശിതമായ നിരീക്ഷണങ്ങൾക്കെതിരെ എൻ.ബി.ഡി.എ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സുശാന്ത് സിങ് രജ്പുത് മരണപ്പെട്ട സംഭവത്തിൽ ടി.വി ചാനലുകൾ നടത്തിയ മാധ്യമ വിചാരണകൾക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ തീർപ്പാക്കിയാണ്, അസോസിയേഷൻ ഉണ്ടാക്കിയ അതോറിറ്റിയെ ബോംബെ ഹൈകോടതി അതിരൂക്ഷമായി വിമർശിച്ചത്. തങ്ങളുടെ വിശ്വാസ്യതയെയും ഫലപ്രാപ്തിയെയും ഹൈകോടതി ചോദ്യം ചെയ്തിരിക്കുകയാണെന്ന് അസോസിയേഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ സുപ്രീംകോടതിക്കുമുമ്പാകെ ബോധിപ്പിച്ചു. തങ്ങളുണ്ടാക്കിയ സ്വയം നിയന്ത്രണ സംവിധാനം ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിനും പരാതി പരിഹാരങ്ങൾക്കും നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ചാനലുകൾക്കെതിരെ 40,000ത്തിലേറെ പരാതികൾ തീർപ്പാക്കിയെന്നും പലതിലും പിഴയടച്ച് ചാനലുകൾ മാപ്പെഴുതി കാണിച്ചുവെന്നും ദത്താർ തുടർന്നു.
ഏതാനും ചാനലുകളല്ലാതെ മറ്റെല്ലാ ടി.വി ചാനലുകളും സ്വയം നിയന്ത്രണം പാലിക്കുന്നുവെന്ന് പറഞ്ഞാൽ ഈ കോടതി മുറിയിലുള്ള എത്രപേരത് വിശ്വസിക്കുമെന്ന് ദത്താറിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. ചാനലുകൾക്ക് പ്രീ സെൻസർഷിപ്പും പോസ്റ്റ് സെൻസർഷിപ്പും ഏർപ്പെടുത്താൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. എന്നാൽ, സ്വയം നിയന്ത്രണം ഫലപ്രദമാകണം. സുശാന്ത് സിങ്ങിന്റെ മരണത്തിൽ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിലായിരുന്നു ചാനലുകളുടെ സമീപനമെന്ന് സുപ്രീംകോടതി വിമർശിച്ചു. ചാനലുകൾക്ക് എൻ.ബി.ഡി.എ നിലവിൽ വിധിക്കുന്ന പിഴ അപര്യാപ്തമാണ്. പരാതിക്കാധാരമായ വിഷയം കാണിച്ച ഷോയിൽനിന്ന് ഉണ്ടാക്കിയ വരുമാനത്തിന് ആനുപാതികമായിരിക്കണം പിഴ -ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.