‘കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജയിലുകളിൽ ജാതിവിവേചനം’
text_fieldsന്യൂഡൽഹി: ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജയിൽ മാനുവലിനെതിരെ സമർപ്പിച്ച ഹരജിയിൽ കേരളം അടക്കം 11 സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാറിനും സുപ്രീംകോടതി നോട്ടീസ്. മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജയിൽ മാനുവലുകൾ ജയിൽ പുള്ളികളെ പാർപ്പിക്കുന്നിടത്തും പണി നൽകുന്നിടത്തും ജാതി വിവേചനം കാണിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകനും മുൻ ഹൈകോടതി ജഡ്ജിയുമായ എസ്. മുരളീധർ ബോധിപ്പിച്ചു.
തമിഴ്നാട്ടിലെ പാളയംകോൈട്ട സെൻട്രൽ ജയിലിൽ തേവർ, നാടാർ, പള്ളാർ ജാതിക്കാരെ വെവ്വേറെ താമസിപ്പിച്ചതും രാജസ്ഥാനിൽ പാചകക്കാരായി നിയമിക്കാൻ ഉന്നത ജാതിക്കാരായ ഹിന്ദുക്കൾ യോഗ്യരാണെന്ന് ജയിൽ മാനുവലിൽ വ്യവസ്ഥയുള്ളതും ജാതിവിവേചനത്തിന്റെ ഉദാഹരണങ്ങളായി എസ്. മുരളീധർ ചൂണ്ടിക്കാട്ടി. എന്നാൽ, ജാതിവിവേചനമുള്ളതായി താൻ കേട്ടിട്ടില്ലെന്നും വിചാരണ തടവുകാരെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയുമാണ് തരം തിരിക്കാറെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.