വോട്ടിങ് ശതമാനം 48 മണിക്കൂറിനകം വെളിപ്പെടുത്തണം: സുപ്രീംകോടതി കമീഷന്റെ മറുപടി തേടി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടിങ് ശതമാനം 48 മണിക്കൂറിനകം വെളിപ്പെടുത്താൻ നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഒരാഴ്ചക്കകം തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകണമെന്ന് സുപ്രീംകോടതി. കേസ് മേയ് 24ന് വൊക്കേഷൻ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. മേയ് 25നാണ് ആറാംഘട്ട വോട്ടെടുപ്പ്.
സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് ഹരജി നൽകിയത്. എ.ഡി.ആറിന്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹരജിയെക്കുറിച്ച് ബെഞ്ച് മുമ്പാകെ പരാമർശിച്ചപ്പോൾ ഉടൻ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കമീഷന്റെ മറുപടി തേടിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ പ്രഖ്യാപിച്ചതും 11 ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുകളുമായി 5-6 ശതമാനത്തിന്റെ വർധനയുണ്ടെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടുന്നതിൽ വളരെയധികം കാലതാമസമെടുക്കുന്നു. ആദ്യഘട്ടത്തിലും അന്തിമഘട്ടത്തിലും പ്രഖ്യാപിക്കുന്ന കണക്കുകളിൽ വ്യത്യാസമുള്ളത് ആശങ്കയുളവാക്കുന്നുണ്ട്. ആശങ്കയകറ്റാൻ നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.