മഹുവ മൊയ്ത്രക്ക് സഭയിൽ പോകാനാവില്ല; ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ സമർപ്പിച്ച ഹരജി തീർപ്പാകുന്നതുവരെ സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന മഹുവ മൊയ്ത്രയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹരജി വീണ്ടും പരിഗണിക്കാനായി മാർച്ച് 11ലേക്ക് മാറ്റി. ഇതോടെ മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലും മഹുവക്ക് പങ്കെടുക്കാനാകില്ല.
മഹുവക്ക് മറുപടി നൽകാൻ ലോക്സഭ സെക്രട്ടേറിയറ്റിന് സുപ്രീംകോടതി മൂന്നാഴ്ച സമയം നൽകി. തിരികെ മറുപടി നൽകാൻ മഹുവക്ക് മൂന്നാഴ്ചയും നൽകിയാണ് മാർച്ചിലേക്ക് കേസ് മാറ്റിയത്. കേസ് തീർപ്പാകും വരെ സഭയിൽ പോകാൻ അനുവദിക്കണമെന്ന് മഹുവക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോധിപ്പിച്ചപ്പോൾ അത് മഹുവയുടെ ഹരജി അംഗീകരിക്കുന്നതിന് തുല്യമായതിനാൽ സാധിക്കില്ലെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മഹുവ മൊയ്ത്ര, പാർലമെന്റിൽ അദാനിക്കെതിരായ ചോദ്യത്തിന് കോഴ വാങ്ങിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് നൽകിയ പരാതിയാണ് സസ്പെൻഷനിൽ കലാശിച്ചത്. പരാതി പരിഗണിച്ച സഭയുടെ എത്തിക്സ് കമ്മിറ്റിയിലെ ഭൂരിപക്ഷം ബി.ജെ.പി അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം മാനിക്കാതെ നടപടിക്കായി സ്പീക്കർക്ക് ശിപാർശ നൽകുകയായിരുന്നു.
ഫെബ്രുവരി ആദ്യവാരം വോട്ട് ഓൺ അക്കൗണ്ട് പാസാക്കാനാണ് മോദി സർക്കാറിന്റെ അവസാന സമ്മേളനം നടക്കുക. സമ്പൂർണ ബജറ്റ് പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമേ ഉണ്ടാകൂ. അതിനാൽ നിലവിലെ ലോക്സഭയിൽ പ്രവേശിക്കാൻ ഇനി മഹുവക്ക് ആവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.