സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ അനീതിക്കും തെറ്റുകൾക്കുമെതിരെ ഉറച്ചനിലപാടെടുത്ത പ്രമുഖ നിയമജ്ഞനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. 1929 ജനുവരി 10ന് മ്യാന്മറിലെ പാഴ്സി കുടുംബത്തിലായിരുന്നു ജനനം. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടി.
മുംബൈ ഗവ. ലോകോളജിൽനിന്നാണ് എൽഎൽ.ബി പാസായത്. 70 വർഷം നീണ്ട തിളക്കമാർന്ന അഭിഭാഷക ജീവിതത്തിനിടെ ബോംബെ ഹൈകോടതിയിയിലും സുപ്രീംകോടതിയിലും ചരിത്രപ്രധാനമായ നിരവധി കേസുകളിൽ നരിമാൻ വാദിച്ചിട്ടുണ്ട്. ബോബെ ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 1972ലാണ് സുപ്രീംകോടതിയിലേക്ക് മാറിയത്.
1972ൽ അഡീഷനൽ സോളിസിറ്റർ ജനറലായി നിയമിതനായ നരിമാൻ 1975 ജൂണിൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ചു. 1991ൽ പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 1999ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. ഭോപാൽ വാതക ദുരന്തം, ടി.എം.എ പൈ കേസ്, ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ നിരവധി കേസുകളിൽ ഹാജരായി. നരിമാൻ നൽകിയ ഹരജിയിലാണ് ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ സുപ്രീംകോടതി റദ്ദാക്കിയത്.
ഇന്ത്യയിൽ മൂടുപടമണിഞ്ഞ അടയന്തരാവസ്ഥയുള്ള സാഹചര്യമാണെന്നും മുസ്ലിം, ന്യൂനപക്ഷ വിരുദ്ധ അവസ്ഥയാണെന്നും കഴിഞ്ഞ വർഷം നരിമാൻ വ്യക്തമാക്കിയിരുന്നു.
ബാപ്സി എഫ്. നരിമാനാണ് ഭാര്യ. റിട്ട. സുപ്രീംകോടതി ജഡ്ജി രോഹിന്റൺ നരിമാൻ മകനാണ്. ‘ബിഫോർ മെമ്മറി ഫേഡ്സ്’ ആണ് ആത്മകഥ. ‘യു മസ്റ്റ് നോ യുവർ കോൺസ്റ്റിറ്റ്യൂഷൻ’ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പുസ്തകം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.