എം.എസ്. സുബ്ബുലക്ഷ്മി അവാർഡ്: ടി.എം. കൃഷ്ണയെ പുരസ്കാര ജേതാവായി അംഗീകരിക്കരുതെന്ന് സുപ്രീംകോടതി
text_fieldsചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയെ ‘സംഗീത കലാനിധി എം.എസ്. സുബ്ബുലക്ഷ്മി’ പുരസ്കാര ജേതാവായി അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പുരസ്കാരം നൽകാനുള്ള മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് എം.എസ്. സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി. ശ്രീനിവാസൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു ഗ്രൂപ്, മ്യൂസിക് അക്കാദമി എന്നിവരോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. ഞായറാഴ്ച അവാർഡ് കൈമാറിയതിനാൽ വിഷയം അപ്രസക്തമായെന്ന് മ്യൂസിക് അക്കാദമിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു.
സുബ്ബുലക്ഷ്മിക്കെതിരെ കൃഷ്ണ പലപ്പോഴും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച വെങ്കട്ടരാമൻ അത്തരമൊരു വ്യക്തിക്ക് അവരുടെ പേരിൽ അവാർഡ് നൽകുന്നത് ഉചിതമാണോയെന്ന് ചോദിച്ചു.
മഹാത്മാഗാന്ധിയെ അപമാനിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ പേരിൽ അവാർഡ് നൽകുന്നത് ഭരണഘടനാ ധാർമികതക്ക് വിരുദ്ധമാണെന്നും അദ്ദേഹം ബോധിപ്പിച്ചു. അവാർഡ് ദാനം തടഞ്ഞ് മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നതും വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി. ഞായറാഴ്ച ചെന്നൈയിൽ നടന്ന മ്യൂസിക് അക്കാദമി 98ാമത് വാർഷിക സമ്മേളനത്തിൽ ഒഡിഷ ഹൈകോടതി റിട്ട. ചീഫ് ജസ്റ്റിസ് എസ്. മുരളീധർ ആണ് ടി.എം. കൃഷ്ണക്ക് അവാർഡ് സമ്മാനിച്ചത്. ടി.എം. കൃഷ്ണക്ക് പുരസ്കാരം നൽകാൻ അനുമതി നൽകിയ മദ്രാസ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് അവാർഡ് ദാനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.