ബില്ലുകളിൽ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണം; ആദ്യമായി സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിയമസഭകൾ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ചു. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിക്കണം. ഇത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്കയച്ച തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രിൽ എട്ടിന് പുറപ്പെടുവിച്ച വിധിയുടെ പൂർണ രൂപം വെള്ളിയാഴ്ച അർധരാത്രിയാണ് സുപ്രീംകോടതി വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. വിധിപ്പകർപ്പ് ഹൈകോടതികൾക്കും ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചുകൊടുക്കാനും കോടതി നിർദേശിച്ചു. ഭരണഘടനയുടെ 201ാം അനുച്ഛേദം രാഷ്ട്രപതിക്ക് നൽകിയ അധികാരം വ്യാഖ്യാനിച്ചാണ് അതിൽ പരാമർശിക്കാത്ത സമയപരിധി ബെഞ്ച് നിശ്ചയിച്ചത്.
രാഷ്ട്രപതിയുടെ തീരുമാനം കോടതിക്ക് പരിശോധിക്കാം
നിയമസഭ പാസാക്കിയ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയച്ചാൽ സ്വീകരിക്കേണ്ട നടപടികൾ വ്യക്തമാക്കുന്നതാണ് ഭരണഘടനയുടെ 201ാം അനുച്ഛേദമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുപ്രകാരം ഒന്നുകിൽ ബില്ലിന് അംഗീകാരം നൽകുന്നുവെന്നോ അല്ലെങ്കിൽ നൽകുന്നില്ലെന്നോ രാഷ്ട്രപതി പ്രഖ്യാപിക്കണം.
201ാം അനുച്ഛേദ പ്രകാരം ബില്ലിൽ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം അന്തിമമല്ല. കോടതിയുടെ പരിശോധനക്ക് വിധേയമാണ്. ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നതാണ് പൊതുതത്ത്വം. ഇതിൽ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.
ഗവർണറുടെ വിവേചനാധികാരം പരിമിതമായതിനാൽ ബില്ലിന്മേൽ ഗവർണർ കൈക്കൊള്ളുന്ന തീരുമാനത്തിന് രാഷ്ട്രീയ നിറമുണ്ടാകണമെന്നില്ല. അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതി അനുമതി നൽകുന്നതിൽ രാഷ്ട്രീയ ഘടകമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പരിശോധന രണ്ടുവിധം
1. കേന്ദ്രത്തിന് മുൻഗണന നൽകേണ്ട വിഷയങ്ങൾ
ബിൽ ദേശീയ നയത്തിന്റെ ഏകീകൃത മാനദണ്ഡങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാറിന് മുൻഗണന നൽകേണ്ടതുമായ വിഷയത്തിലുള്ളതാണെങ്കിൽ രാഷ്ട്രപതിയുടെ തീരുമാനം ഏകപക്ഷീയമാണോ, വഞ്ചനാപരമാണോ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും കോടതിയുടെ പരിശോധന.
2. സംസ്ഥാനത്തിന് മുൻഗണന നൽകേണ്ട വിഷയങ്ങൾ
ബില്ലിലെ വിഷയം നിയമസഭയുടെ അധികാര പരിധിയിൽ വരുന്നതോ സംസ്ഥാനത്തിന് മുൻഗണന നൽകേണ്ടതോ ആയിരുന്നിട്ടും മന്ത്രിസഭക്കെതിരായ തീരുമാനം കൈക്കൊണ്ടാൽ അനുമതി നിഷേധിച്ചതിനുള്ള കാരണങ്ങൾ കോടതിക്ക് പരിശോധിക്കാനാകും. ആ കാരണങ്ങൾ നിയമപരമായി നിലനിൽക്കുമോ എന്നും കോടതിക്ക് നോക്കാനാകും. രാഷ്ട്രപതിയുടെ തീരുമാനം ഏകപക്ഷീയമാണോ, വഞ്ചനാപരമാണോ തുടങ്ങിയ കാര്യങ്ങളും ഇതോടൊപ്പം നോക്കും.
രാഷ്ട്രപതി പാലിക്കേണ്ട നടപടിക്രമങ്ങൾ
ഗവർണർ ബിൽ അയച്ച് മൂന്ന് മാസത്തിനകം രാഷ്ട്രപതി രണ്ടിലൊരു തീരുമാനമെടുക്കണം. ഒന്നുകിൽ ബിൽ അംഗീകരിക്കുക, അല്ലെങ്കിൽ എതിർക്കുക.
രാഷ്ട്രപതി തിരസ്കരിക്കുന്നത് മണി ബിൽ അല്ലെങ്കിൽ അത് നിയമസഭയുടെ പുനഃപരിശോധനക്കും ഭേദഗതിക്കുമായി തിരിച്ചയക്കാൻ ഗവർണർക്ക് രാഷ്ട്രപതി നിർദേശം നൽകണം. തുടർന്ന് നിയമസഭ പുനഃപരിശോധന കഴിഞ്ഞ് ആറ് മാസത്തിനകം ബിൽ വീണ്ടും രാഷ്ട്രപതിക്ക് അയക്കണം. ബിൽ അനന്തമായി അയക്കുന്നത് ഒഴിവാക്കണം.
രാഷ്ട്രപതി നിർദേശിച്ച ഭേദഗതി ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ രണ്ടാമതും അയക്കുന്ന ബിൽ രാഷ്ട്രപതിക്ക് അംഗീകരിക്കുയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ, അതിലും വീറ്റോ അധികാരമില്ല.
തീർത്തും നിയമപരമോ ഭരണഘടനപരമോ ആയ സാധുത പറഞ്ഞ് ബിൽ പിടിച്ചുവെക്കാൻ സർക്കാറിനും രാഷ്ട്രപതിക്കും അധികാരമില്ല. അവ പരിശോധിക്കാനുള്ള അധികാരം കോടതികൾക്ക് മാത്രമാണ്.
ഭരണഘടയുടെ അനുച്ഛേദം 143 പ്രകാരം സുപ്രീംകോടതി അഭിപ്രായം നൽകിയ ശേഷവും ബില്ലിലെ വിഷയം പൂർണമായും ഭരണഘടനപരമല്ലെന്നും നയപരംകൂടിയാണെന്നും വിലയിരുത്തി കോടതിയുടെ അഭിപ്രായത്തിന് വിരുദ്ധമായി രാഷ്ട്രപതി വീണ്ടും ബില്ലിനെ എതിർക്കുകയാണെങ്കിൽ യുക്തമായ കാരണം രാഷ്ട്രപതി രേഖപ്പെടുത്തണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.