മദ്റസകൾക്ക് പ്രവർത്തിക്കാം; യു.പി മദ്റസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവെച്ചു
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ 2004ൽ കൊണ്ടുവന്ന ‘മദ്റസ വിദ്യാഭ്യാസ നിയമം’ റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധിക്ക് സുപ്രീംകോടതിയുടെ തിരുത്ത്. മദ്റസ ആക്ടിലൂടെ അടിസ്ഥാനപരമായി വിദ്യാഭ്യാസനിലവാരം ഉയർത്തുകയാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീംകോടതി, നിയമം ഭരണഘടനപരമാണെന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്ന് ഓർമിപ്പിച്ച പരമോന്നരത നീതിപീഠം, ഇത്തരമൊരു നിയമം വഴി മദ്റസകൾക്ക് ഉയർന്ന നിലവാരം പുലർത്താൻ സാധിക്കുന്നതായും നിരീക്ഷിച്ചു. അതേസമയം, നിയമത്തിന്റെ ഭാഗമായി നൽകപ്പെട്ടിരുന്ന ‘ഫാസിൽ’, ‘കാമിൽ’ ബിരുദങ്ങൾ യു.ജി.സി നിയമത്തിനെതിരായതിനാൽ നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
മതേതരത്വത്തിന്റെ തത്ത്വങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് 22നാണ് അലഹബാദ് ഹൈകോടതി മദ്റസ ആക്ട് റദ്ദാക്കിയത്. സംസ്ഥാനത്ത് മദ്റസ ബോർഡിന് കീഴിൽ മതപഠനത്തോടൊപ്പം ഭൗതികവിദ്യാഭ്യാസംകൂടി നേടുന്ന 17 ലക്ഷത്തോളം മദ്റസ വിദ്യാർഥികളുടെ പഠനമാണ് ഹൈകോടതി ഇടപെടലോടെ അനിശ്ചിതത്വത്തിലായത്. ഇത്രയും വിദ്യാർഥികളെ ഔപചാരിക പാഠശാലകളിലേക്ക് ചേർക്കാനാണ് ഹൈകോടതി നിർദേശിച്ചത്. ഇതിനെതിരായ ഒരുകൂട്ടം ഹരജികൾ പരിഗണിച്ചാണ് സുപ്രീംകോടതി വിധി.
മദ്റസ നിയമം കേന്ദ്ര വിദ്യാഭ്യാസ നിയമത്തിനും വിദ്യാഭ്യാസ അവകാശ നിയമത്തിനും എതിരാണെന്ന ഹൈകോടതി നിരീക്ഷണം സുപ്രീംകോടതി പൂർണമായും തള്ളി. ‘ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തണമെങ്കിൽ ഒന്നുകിൽ അത് മൗലികാവകാശങ്ങൾ ഹനിക്കുന്നതായിരിക്കണം, അല്ലെങ്കിൽ നിയമനിർമാണ അധികാരങ്ങളെ വെല്ലുവിളിക്കുന്നതായിരിക്കണം. മദ്റസ വിദ്യാഭ്യാസ നിയമത്തിൽ ഇതൊന്നും ലംഘിക്കുന്നില്ല. വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്ന കൃത്യമായ വ്യവസ്ഥ നിയമത്തിനുണ്ട്’ -വിധിന്യായത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
യു.പിയിലെ 16,000ഓളം മദ്റസകളുടെ ഭാവി സംബന്ധിച്ച സുപ്രധാന വിധിയാണ് പരമോന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കേസ് പരിഗണനയിലിരിക്കെ, ബാലാവകാശ കമീഷൻ വഴി മദ്റസകൾക്ക് തടയിടാൻ ശ്രമിച്ച യു.പി സർക്കാറിന് വിധി തിരിച്ചടിയുമാണ്. വിധിയെ സ്വാഗതം ചെയ്ത് മുസ്ലിം മതപണ്ഡിതരും വിവിധ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.