ബംഗാൾ അധ്യാപക നിയമനം റദ്ദാക്കിയ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 24,000ത്തോളം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കത്ത ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. അതേസമയം, അധ്യാപക നിയമന അഴിമതി കേസിൽ അന്വേഷണം തുടരാൻ സുപ്രീംകോടതി സി.ബി.ഐയെ അനുവദിച്ചു. എന്നാൽ, ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ ഉദ്യോഗാർഥികൾക്കോ എതിരെ നടപടി സ്വീകരിക്കരുത്. ആരെങ്കിലും അനധികൃതമായി ജോലി നേടിയെന്ന് തെളിഞ്ഞാൽ ശമ്പളം തിരികെ നൽകാൻ ബാധ്യസ്ഥരായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
2016ൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പശ്ചിമ ബംഗാൾ സ്കൂൾ സർവിസ് കമീഷൻ നടത്തിയ 25,753 നിയമങ്ങളാണ് കോഴ ആരോപണത്തെതുടർന്ന് ഹൈകോടതി റദ്ദാക്കിയത്. അതുവരെ ലഭിച്ച ശമ്പളം തിരിച്ചടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്.
കളങ്കിത നിയമനങ്ങളുടെ പേരിൽ മുഴുവൻ നിയമനങ്ങളും റദ്ദാക്കുന്നത് ഉചിതമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അനധികൃതമായി ജോലി നേടിയവരെ കണ്ടെത്തി നിയമനങ്ങൾ റദ്ദാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
നിയമന കുംഭകോണത്തിന്റെ പേരിൽ ബംഗാൾ സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും. കേസിൽ ഉടൻ വാദം പൂർത്തിയാക്കുമെന്ന് പറഞ്ഞ് കോടതി തുടർവാദം ജൂലൈ 16ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.