വാർത്ത പരിശോധിക്കേണ്ട
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വാർത്ത വ്യാജമാണോ എന്നു തീരുമാനിക്കാനുള്ള അധികാരം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘ഫാക്ട് ചെക്ക്’ യൂനിറ്റിന് നൽകാനുള്ള വിജ്ഞാപനത്തിന് 24 മണിക്കൂറിനകം സുപ്രീംകോടതി തടയിട്ടു. ഗൗരവമേറിയ ഭരണഘടനാ ചോദ്യങ്ങൾ അടങ്ങുന്ന അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് വിഷയമെന്ന് വ്യക്തമാക്കിയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ‘ഫാക്ട് ചെക്ക്’ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്.
ഹാസ്യ അവതാരകൻ കുനാല്‍ കമ്രയും എഡിറ്റേഴ്സ് ഗിൽഡും അസോസിയേഷൻ ഫോർ ഇന്ത്യൻ മാഗസിൻസും സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നിർണായക നടപടി.
2023ലെ ഐ.ടി ഭേദഗതി ചട്ടപ്രകാരം കേന്ദ്രസർക്കാർ ‘ഫാക്ട് ചെക്ക്’ തുടങ്ങാനുള്ള പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്രയും എഡിറ്റേഴ്സ് ഗിൽഡും സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ച കേൾക്കാനിരിക്കെയാണ് ബുധനാഴ്ച വൈകീട്ട് തിരക്കിട്ട് വിജ്ഞാപനമിറക്കിയത്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങിലും സമൂഹമാധ്യമങ്ങളിലും വരുന്ന വാർത്തയോ ഉള്ളടക്കമോ തെറ്റോ വ്യാജമോ ആയി തോന്നുന്നത് തടയാനും പിൻവലിപ്പിക്കാനും നടപടിയെടുക്കാനും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂനിറ്റിന് സാധിക്കും.
2023ൽ കേന്ദ്രം ഭേദഗതിയിലൂടെ കൊണ്ടുവന്ന 3(1)(ബി)(വി) ചട്ടപ്രകാരം കേന്ദ്ര സർക്കാറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ ഏതെങ്കിലും പോസ്റ്റ് പി.ഐ.ബിയുടെ ‘ഫാക്ട് ചെക്ക് യൂനിറ്റ്’ വ്യാജമെന്ന് മുദ്രകുത്തിയാൽ അക്കാര്യം ബന്ധപ്പെട്ട ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളെ അറിയിക്കും. അവർ അത് പിൻവലിക്കണം. അല്ലെങ്കിൽ നിയമനടപടി നേരിടണം. സമൂഹമാധ്യമങ്ങളിൽ സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച് ഹരജിക്കാർ ആദ്യം ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ ആക്ഷേപ ഹാസ്യം തൊഴിലാക്കിയ തനിക്ക് സമൂഹ മാധ്യമങ്ങളിൽ അവ പങ്കുവെക്കാൻ കഴിയാത്ത തരത്തിലുള്ളതാണ് ഈ ചട്ടങ്ങളെന്ന് കുനാൽ കമ്ര ബോധിപ്പിച്ചിരുന്നു. സർക്കാറിനെതിരായ വിമർശനങ്ങളെ തടയാനുള്ള നീക്കമാണിതെന്നും കമ്ര കുറ്റപ്പെടുത്തി. എന്നാൽ, സ്റ്റേ ആവശ്യം അംഗീകരിക്കാൻ ബോംബെ ഹൈകോടതി തയാറായില്ല. ഇതേ തുടർന്നാണ് ഇവർ സുപ്രീംകോടതിയിലെത്തിയത്.
2023ലെ ഐ.ടി ചട്ട ഭേദഗതിയുടെ സാധുത ബോംബെ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ബുധനാഴ്ച ‘ഫാക്ട് ചെക്ക് യൂനിറ്റ്’ സ്ഥാപിച്ച് കേന്ദ്രം വിജ്ഞാപനമിറക്കുന്നതെങ്ങനെയാണെന്ന് കുനാൽ കമ്രക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡാരിയസ് ഖംബട്ട ചോദിച്ചു. തങ്ങൾ വിജ്ഞാപനമിറക്കില്ലെന്ന് ബോംബെ ഹൈകോടതിക്ക് കേന്ദ്ര സർക്കാർ ഉറപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.