തൊണ്ടിമുതൽ മാറ്റിയ സംഭവം; മന്ത്രി ആൻറണി രാജുവിനെതിരായ പുനരന്വേഷണത്തിന് സ്റ്റേ
text_fieldsന്യൂഡല്‍ഹി: മയക്കുമരുന്നുമായി പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ സംസ്ഥാന മന്ത്രി ആന്റണി രാജുവിനെതിരെയുള്ള പുനരന്വേഷണം സുപ്രീംകോടതി തടഞ്ഞു. കേരള ഹൈകോടതിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണം ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സ്റ്റേ ചെയ്തു.
ആന്റണി രാജു നല്കിയ ഹരജിയും ആന്റണി രാജുവിനെതിരായ കുറ്റപത്രം ഹൈകോടതി റദ്ദാക്കിയതിനെതിരെ അജയന് എന്നയാൾ നല്കിയ ഹരജിയും പരിഗണിച്ചാണ് സുപ്രീംകോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ഇരു ഹരജികളിലും സംസ്ഥാനസര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം.
1990 ഏപ്രില്‍ നാലിന് ആസ്ട്രേലിയന്‍ പൗരൻ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ കേസിൽ അയാളെ രക്ഷിക്കാൻ തൊണ്ടിയായി കോടതിയിൽ സമർപ്പിച്ചിരുന്ന അടിവസ്ത്രം മാറ്റിയെന്നായിരുന്നു കേസ്. തൊണ്ടിമുതൽ മാറ്റിയ കേസിൽ മന്ത്രി ആന്റണി രാജു ഒന്നാം പ്രതിയും കോടതിയിലെ തൊണ്ടി ക്ലർക്കായിരുന്ന ജോസ് രണ്ടാം പ്രതിയുമാണ്. കോടതി ശിരസ്തദാർ ഗോപാലകൃഷ്ണനാണ് പരാതിക്കാരൻ. 33 വർഷം പഴക്കമുള്ള കേസിലെ സാക്ഷികൾ പലരും ജീവിച്ചിരിപ്പില്ലെന്നും പുനരന്വേഷണത്തിന് പ്രസക്തിയില്ലെന്നുമാണ് ആന്റണി രാജുവിനുവേണ്ടി മുതിർന്ന അഭിഭാഷകന് ആര്. ബസന്തും അഡ്വ. ദീപക് പ്രകാശും സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ടിലോ എഫ്.ഐ.ആറിലോ ഒരു ആരോപണവും ഇല്ലാതിരുന്ന കേസിലാണ് മൂന്നാം തവണ അന്വേഷണം നടത്തുന്നതെന്നും തികച്ചും രാഷ്ട്രീയപ്രേരിതമായാണ് മന്ത്രിയുടെ പേര് കുറ്റപത്രത്തില്‍ ഉൾക്കൊള്ളിച്ചിരുന്നതെന്നും അവർ വാദിച്ചു. മന്ത്രിക്കെതിരെ സുപ്രീംകോടതിയിൽ അജയൻ നൽകിയ പരാതി ഫയലിൽ സ്വീകരിക്കരുതെന്നും ക്രിമിനല്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെയോ പരാതിക്കാരന്റെയോ അല്ലാതെ മറ്റൊരാളുടെ വാദം കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നുമുള്ള മന്ത്രിയുടെ വാദം തള്ളിയ സുപ്രീംകോടതി ആ ഹരജിയും ഫയലിൽ സ്വീകരിച്ച് നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.