മുംബൈ സ്വകാര്യ കോളജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി; കുറി തൊടുന്നതും തടയുമോയെന്ന് ചോദ്യം
text_fieldsന്യൂഡൽഹി: മുംബൈ സ്വകാര്യ കോളജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. എൻ.ജി ആചാര്യ ആൻഡ് ഡി.കെ മാർത്ത കോളജിലെ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹിജാബ് നിരോധനം ശരിവെച്ചുള്ള ബോംബെ ഹൈകോടതി വിധിക്കെതിരെയാണ് മുസ്‍ലിം വിദ്യാർഥികൾ ഹരജി നൽകിയത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്. പെൺകുട്ടികൾക്ക് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നൽകണമെന്നും ഇക്കാര്യത്തിൽ കോളജ് കുട്ടികളെ നിർബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം, കുട്ടികളുടെ മതം വെളിപ്പെടുമെന്നതിനാലാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നായിരുന്നു കോളജിന്റെ വാദം. എന്നാൽ, മതം വെളിപ്പെടുത്താനാവില്ലേ എന്നായിരുന്നു ഈ വാദത്തോടുള്ള സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ചോദ്യം. കുട്ടികളുടെ പേരുകളിലൂടെ മതം വെളിവാകില്ലേ. ഇത് ഒഴിവാക്കാൻ പേരുകൾക്ക് പകരം നമ്പറുകൾ ഉപയോഗിക്കാൻ അവരെ നിർബന്ധിക്കുമോയെന്നും കോടതി ചോദിച്ചു.
2008 മുതൽ നിലവിലുള്ള കോളജ് ഹിജാബ് നിരോധിക്കാൻ ഇപ്പോൾ തീരുമാനമെടുക്കാനുള്ള കാരണമെന്താണ്. ഇത്രയും കാലം എന്തുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തില്ലെന്നും കോടതി ചോദിച്ചു. ഒടുവിൽ മുസ്‍ലിം വിദ്യാർഥികളുടെ ഹരജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ച സുപ്രീംകോടതി കേസിൽ വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.