കേന്ദ്രത്തിന് കനത്ത തിരിച്ചടി; വസ്തുതാ പരിശോധന യൂനിറ്റ് രൂപവത്കരിക്കാനുള്ള കേന്ദ്ര വിജ്ഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു
text_fieldsന്യൂഡൽഹി: വസ്തുതാ പരിശോധന (ഫാക്ട് ചെക്ക്) യൂനിറ്റ് രൂപീകരിക്കാനുള്ള കേന്ദ്രസർക്കാറിന്‍റെ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐ.ടി ചട്ടങ്ങളിലെ 2023-ലെ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ബോംബെ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ നിലനിൽക്കും. ഏപ്രിൽ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം അത് സ്റ്റേ ചെയ്തത് പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയായി.
ഈ വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. എന്നാൽ, കേസിന്‍റെ മെറിറ്റിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര ഇലക്ട്രോണിക്‌സ് - ഐടി മന്ത്രാലയം ഇന്നലെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോക്ക് (പി.ഐ.ബി) കീഴിലുള്ള ഫാക്ട് ചെക്കിങ് യൂനിറ്റിന് (എഫ്.സി.യു) കേന്ദ്ര സർക്കാറുമായും അതിന്‍റെ ഏജൻസികളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ടെത്താൻ അധികാരമുള്ള നിയമപരമായ ബോഡിയായി വിജ്ഞാപനം ചെയ്തത്. കേന്ദ്ര നയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂനിറ്റിന് അധികാരം നൽകിയിരുന്നു.
ഫാക്റ്റ് ചെക്ക് യൂനിറ്റ് വിജ്ഞാപനം ചെയ്യുന്നതിൽനിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര എന്നിവരാണ് ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ട നീക്കം സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനാണെന്ന് ആക്ഷേപമുയർന്നിരുന്നു. എട്ടു തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്ര സർക്കാർ വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും 2021ലെ ഐ.ടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ഉൾപ്പെടെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.