സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: അസാധാരണ നീക്കത്തിൽ അവധി ദിവസമായ ശനിയാഴ്ച സുപ്രീംകോടതി ചേർന്ന് ഡൽഹി സർവകലാശാല പ്രൊഫസർ സായിബാബ അടക്കമുള്ളവരുടെ മോചനം സ്റ്റേ ചെയ്ത് നക്സൽ കേസിൽ അവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈകോടതി വിധി 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്തു. വീൽ ചെയറിൽ കഴിയുന്ന ആരോഗ്യസ്ഥിതി മോശമായ സായിബാബയെ വീട്ടുതടങ്കലിൽ വെച്ചെങ്കിലും ജാമ്യം നൽകണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകൻ ബസന്തിന്റെ ആവർത്തിച്ചുള്ള അപേക്ഷയും സുപ്രീംകോടതി തള്ളി. വിധി സസ്പെൻഡ് ചെയ്യാതിരിക്കാനുള്ള കാരണം ബോധിപ്പിച്ച് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കേസിലെ എല്ലാ പ്രതികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
അർബൻ നക്സലുകളായതിനാൽ അത്തരം പരിഗണനയൊന്നും നൽകേണ്ടതില്ലെന്ന മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി അംഗീകരിച്ചു. സമൂഹത്തിന്റെ താൽപര്യത്തിനും ഇന്ത്യയുടെ അഖണ്ഡതക്കും എതിരായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്ന കാര്യം പോലും ഹൈകോടതി പരിഗണിച്ചില്ലെന്നും സായിബാബയുടെ ആവശ്യം തള്ളുകയാണെന്നും ജസ്റ്റിസ് എം.ആർ ഷായും ജസ്റ്റിസ് ബാല ത്രിവേദിയും വ്യക്തമാക്കി.
ഈ ഘട്ടത്തിൽ ഹൈകോടതി വിധി സസ്പെൻഡ് ചെയ്യണമോ എന്നതാണ് തങ്ങളുടെ മുന്നിലുള്ള ചോദ്യം. കീഴ്കോടതി കുറ്റവിമുക്തരാക്കിയ നടപടി സസ്പെൻഡ് ചെയ്യാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ആ അധികാരം ഈ കേസിൽ ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് ഷാ വിധി പ്ര സ്താവനയിൽ പറഞ്ഞു. ക്രിമിനൽ നടപടിക്രമം 465 പ്രകാരം തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിച്ച പ്രതിയെ അനുമതിയുടെ നടപടിക്രമം പറഞ്ഞ് കുറ്റവിമുക്തനാക്കിയപ്പോൾ കേസിന്റെ ഗൗരവവും കാഠിന്യവും ഹൈകോടതി ഓർത്തില്ല എന്ന് ജസ്റ്റിസ് ഷാ വിധി പ്രസ്താവിച്ച് കുറ്റപ്പെടുത്തി. വിചാരണ ചെയ്യപ്പെട്ട കുറ്റകൃത്യത്തിന് സായിബാബ ശിക്ഷിക്കപ്പെട്ടതാണ്. അനുമതിക്കുള്ള അപേക്ഷ നടപടിക്രമം പാലിച്ചായിരുന്നില്ല എന്നതിനേക്കാൾ അക്കാര്യം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ബോംബെ ഹൈകോടതി വിധി സ്റ്റേ ചെയ്യൽ അഭിമാനപ്രശ്നമായെടുത്ത കേന്ദ്ര സർക്കാർ അടിയന്തിരമായി ശനിയാഴ്ച തന്നെ കേസ് കേൾക്കണമെന്ന് ആവശ്യപ്പെട്ടത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് യു.യു ലളിത് ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് ബാല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിനെ പ്രത്യേക കോടതി ചേരാൻ നിയോഗിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.