സുപ്രീംകോടതിയെ അമ്പരപ്പിച്ച് ഗുജറാത്ത് ഹൈകോടതി നടപടി; കൊല്ലപ്പെട്ടയാളുടെ മകനുമായി കൊലക്കേസ് പ്രതിയുടെ 'ഒത്തുതീർപ്പ്', പിന്നാലെ ജാമ്യം
text_fieldsന്യൂഡൽഹി: കൊല്ലപ്പെട്ടയാളുടെ മകനുമായി കൊലക്കേസ് പ്രതി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്ന് ജാമ്യം അനുവദിച്ച ഗുജറാത്ത് ഹൈകോടതി വിധിയിൽ അമ്പരപ്പ് പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊലക്കേസ് പോലെയുള്ള ഗൗരവകരമായ കുറ്റകൃത്യത്തിൽ വ്യക്തികൾ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നതിന്‍റെ ഔചിത്യത്തെ ചോദ്യംചെയ്ത സുപ്രീംകോടതി, പ്രതിക്ക് ജാമ്യം നൽകിയതിനെ എതിർക്കാത്ത സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെയും വിമർശിച്ചു.
ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരാണ് കേസ് പരിഗണിച്ചത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പർവിൻഭായ് എന്നയാളെ പ്രതി കുത്തിക്കൊന്നുവെന്നാണ് കേസ്. അക്രമത്തിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട പർവിൻഭായിയുടെ മകനാണ് പരാതിക്കാരൻ.
എന്നാൽ, പരാതിക്കാരനുമായി പ്രതി ഒത്തുതീർപ്പിലെത്തുകയും ഗുജറാത്ത് ഹൈകോടതി സിംഗിൾ ബെഞ്ച് ഇതനുസരിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. ഗുജറാത്ത് സർക്കാർ ജാമ്യത്തെ എതിർത്തുമില്ല.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ വ്യക്തിയാണ് ഹൈകോടതി ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു കേസിൽ അറസ്റ്റിലായ കാര്യവും കോടതി നിരീക്ഷിച്ചു. തുടർന്ന്, പ്രതിയുടെ ജാമ്യം റദ്ദാക്കുകയും എത്രയും വേഗം കീഴടങ്ങാൻ നിർദേശിക്കുകയുമായിരുന്നു.
പ്രതിക്ക് ജാമ്യം നൽകിയ സംഭവത്തിൽ ഗുജറാത്ത് സർക്കാറായിരുന്നു തങ്ങളെ സമീപിക്കേണ്ടിയിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.