ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ കേരള ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരളത്തിൽ തൃശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങള്‍ക്ക് നാട്ടാനകളെ എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഹൈകോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. 2012ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിനെതിരെ തിരുവമ്പാടി വി.കെ. വെങ്കിടാചലം സമർപ്പിച്ച ഹരജി പ്രാദേശിക സാഹചര്യങ്ങള്‍ അറിയുന്ന ഹൈകോടതി ജഡ്ജിമാരാണ് തീർപ്പാക്കാൻ നല്ലതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, രാജ്യമൊട്ടുക്കും നാട്ടാനകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച ഹരജിയിൽ ഡിസംബറിൽ വാദം കേൾക്കാമെന്നും ബെഞ്ച് അറിയിച്ചു.
13 മനുഷ്യരെയും മൂന്ന് ആനകളെയും കൊന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിച്ചതടക്കം ചൂണ്ടിക്കാട്ടി വെങ്കിട്ടാചലം സമർപ്പിച്ച ഹരജിയെ സംസ്ഥാനസർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറും ശക്തമായി എതിർത്തു.
പ്രാദേശികമായ ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ സുപ്രീംകോടതി ബാധ്യസ്ഥമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാൻ ഏറ്റവും ഉചിതം ഹൈകോടതി ജഡ്ജിമാരാണ്. ഹൈകോടതിയുടെ ഭാഗത്തുനിന്ന് വല്ല പിഴവുമുണ്ടായാൽ സുപ്രീംകോടതിയിലേക്ക് വരാം.
അല്ലാതെ നേരിട്ട് ഇത്തരം ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കരുതെന്നും തങ്ങള്‍ ഉത്തരവിറക്കിയാൽ അനന്തരഫലം എന്തായിരിക്കുമെന്ന് പറയാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നാട്ടാനകള്‍ക്ക് എതിരെ രാജ്യമൊട്ടുക്കും നടക്കുന്ന അതിക്രമങ്ങൾക്കെതിരായ ഹരജി ഡിസംബറില്‍ വിശദമായ വാദത്തിന് എടുക്കുമ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിഷയങ്ങള്‍ കേള്‍ക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.