കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി: ‘മാനസിക സമ്മർദമില്ലാതെ ഹജ്ജിന് പോകാൻ അനുവദിക്കൂ’
text_fieldsന്യൂഡൽഹി: മാനസിക സമ്മർദമില്ലാതെ തീർഥാടകരെ ഹജ്ജിന് പോകാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ച് സുപ്രീംകോടതി. ആയിരത്തിലേറെ മലയാളികൾ അടക്കം 17 സ്വകാര്യ ഹജജ് ഗ്രൂപ്പുകൾ വഴി യാത്രക്കൊരുങ്ങിയ തീർഥാടകരുടെ ഹജ്ജ് അവസാന നിമിഷം അനിശ്ചിതത്വത്തിലാക്കിയ കേന്ദ്ര നടപടിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചാണ് അവധിക്കാല ബെഞ്ച് ഇക്കാര്യം ഓർമപ്പെടുത്തിയത്.
തങ്ങൾ വിലക്കിയ ഓപറേറ്റർമാർക്ക് ക്വോട്ട നൽകരുതെന്നും ഇവർ വഴി അപേക്ഷിച്ചവരെ മറ്റു സ്വകാര്യ ഗ്രൂപ്പുകൾ വഴി കൊണ്ടുപോകണമെന്നുമുള്ള വാദവും ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി.
കേരളവുമായി ബന്ധപ്പെട്ട 12 ഗ്രൂപ്പുകളുടേതടക്കം 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഈ വർഷം ക്വോട്ട അനുവദിച്ച ശേഷം അവസാന നിമിഷം കേന്ദ്ര സർക്കാർ റദ്ദാക്കിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈകോടതി ഉത്തരവ് ശരിയായ നടപടി ആണെന്ന് സുപ്രീംകോടതി വിലയിരുത്തി. ഹാജിമാർ തിരിച്ചുവരുന്നതുവരെ സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർക്കെതിരെ തിരക്കുപിടിച്ച് നടപടി എടുക്കാതിരിക്കലാണ് ബുദ്ധിയെന്ന് സർക്കാറിനെ ഉപദേശിച്ചു.
സ്വകാര്യ ടൂർ ഓപറേറ്റർമാർ നിലവാരത്തിൽ എത്തേണ്ടതുണ്ടെന്നും യോഗ്യരല്ലെങ്കിൽ ഹാജിമാർക്ക് സൗദി അറേബ്യയിൽ പ്രയാസം നേരിടുമെന്നുമുള്ള കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഡൽഹി ഹൈകോടതിയിൽ കേന്ദ്രം സമർപ്പിച്ച ഹരജി ജൂലൈ ഏഴിന് പരിഗണിക്കുമെന്നും ഇവിടെ ഉന്നയിച്ച വിഷയങ്ങളെല്ലാം ഡൽഹി ഹൈകോടതിക്ക് കൈകാര്യം ചെയ്യാനാവുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഈ വർഷം സ്വകാര്യ ഹജ്ജ് ക്വോട്ടക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ടവർ വൻ തുക ആവശ്യപ്പെട്ടുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ്, വർഷങ്ങളായി ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്ന ഒന്നാം കാറ്റഗറിയിൽപ്പെട്ട 17 സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുവദിച്ച ക്വോട്ടയും അവരുടെ ലൈസൻസും അപ്രതീക്ഷിതമായി റദ്ദാക്കിയത്.
ഇതിനെതിരെ സ്വകാര്യ ഗ്രൂപ്പുകൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ഡൽഹി ഹൈകോടതി ഈ മാസം ഏഴിന് സർക്കാർ ഉത്തരവ് മരവിപ്പിച്ചു. എന്നാൽ, ഈ മാസം ഏഴിന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹജ്ജ് വിളിപ്പാടകലെയെത്തിയിട്ടും നടപ്പാക്കാതെ കേന്ദ്രം നീട്ടിക്കൊണ്ടുപോയതിനെ തുടർന്ന് സ്വകാര്യ ഗ്രൂപ്പുകൾ വീണ്ടും ഹൈകോടതിയെ സമീപിച്ചു.
കേന്ദ്ര സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യനടപടി എടുക്കുമെന്ന് ഹൈകോടതി നിലപാട് കർശനമാക്കിയതോടെ കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.