സി.എ.ജി നിയമനം ഭരണഘടനാവിരുദ്ധമെന്ന്: ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്ന നിലവിലെ രീതി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന സമർപ്പിച്ച ഹരജി സുപ്രീംകോടതി മാർച്ച് 17ന് പരിഗണിക്കും. പ്രധാനമന്ത്രി ഒരാളെ തെരഞ്ഞെടുത്ത് നിയമനത്തിനായി രാഷ്ട്രപതിക്ക് പേര് ശിപാർശ ചെയ്യുന്നതാണ് നിലവിലെ രീതി. ഇതു ഭരണഘടനാവിരുദ്ധവും 14ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് ഹരജിയിൽ പറയുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹരജിക്കാർക്കുവേണ്ടി ഹാജരാവുക. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സ്വതന്ത്രവും നിഷ്പക്ഷവുമായ സമിതിയുമായി കൂടിയാലോചിച്ച് സുതാര്യമായ രീതിയിൽ സി.എ.ജിയെ രാഷ്ട്രപതി നിയമിക്കണമെന്നാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.
സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഹരജിക്കാർ. സി.എ.ജി. നിയമനത്തിനുള്ള നിർദേശം ഇൻഫർമേഷൻ കമീഷനുകൾ, സെൻട്രൽ വിജിലൻസ് കമീഷൻ എന്നിവയുൾപ്പെടെ മറ്റു സ്ഥാപനങ്ങളുടെ നിയമനത്തിന് സമാനമാക്കണമെന്നാണ് വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.