റോഡപകടങ്ങളിൽ നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പൂർണവും നീതിയുക്തവുമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കോടതികൾ ജാഗ്രത കാണിക്കണമെന്ന് സുപ്രീംകോടതി.
വാഹനാപകടത്തിൽ 60 ശതമാനം അംഗവൈകല്യം സംഭവിച്ച വ്യക്തിക്ക് ഹൈകോടതി അനുവദിച്ച നഷ്ടപരിഹാരം 35 ലക്ഷത്തിൽനിന്ന് 48 ലക്ഷം രൂപയാക്കി ഉയർത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുതരമായ പരിക്കുകൾ പൂർണമായി ഭേദമാക്കാൻ സാധിച്ചില്ലെങ്കിലും അപകടത്തിൽപ്പെട്ടയാൾക്ക് ആശ്വാസം നൽകുകയാണ് നഷ്ടപരിഹാരത്തുക കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബെഞ്ച് വിശദമാക്കി. ഓരോ വാഹനാപകട കേസുകളും അതിന്റേതായ വസ്തുതകളുടെ വെളിച്ചത്തിൽ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
2009ൽ ബി -ടെക് വിദ്യാർഥിയായിരിക്കെ അപകടത്തിൽപ്പെട്ട മധ്യപ്രദേശ് സ്വദേശി അതുൽ തിവാരിക്കാണ് കോടതി നഷ്ടപരിഹാരത്തുക ഉയർത്തി നൽകിയത്. സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അതുലിനെ തെറ്റായ ദിശയിൽ അശ്രദ്ധമായി ഓടിച്ചെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് തലക്കും കാലുകൾക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അതുൽ മൂന്നുതവണ ശസ്ത്രക്രിയക്ക് വിധേയനായി.
അപകടത്തിൽ 60 ശതമാനത്തോളം വൈകല്യം സംഭവിച്ചതോടെ പഠനമടക്കം ഭാവി അനിശ്ചിതത്വത്തിൽ ആയതായി അതുൽ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.