രാജ്യദ്രോഹക്കുറ്റം ശരിയാണോ? പരിശോധിക്കാൻ സുപ്രീം കോടതി, കേന്ദ്രത്തിെൻറ വിശദീകരണം തേടി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ആക്ഷേപമുയർന്ന ഇന്ത്യൻ ശിക്ഷാനിയമം 124 എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിെൻറ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച ജസ്റ്റീസുമാരായ യു.യു ലളിത്, ഇന്ദിര ബാനർജി, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് സമാന കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്.
മണിപ്പൂർ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽനിന്നുള്ള രണ്ടു മാധ്യമ പ്രവർത്തകരാണ് ഹരജിക്കാർ. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് ഈ വകുപ്പെന്ന് പൊതുതാൽപര്യ ഹരജിയിൽ പറയുന്നു. ഭരണഘടനയുടെ 19(1)(എ) ഉറപ്പുനൽകുന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം.
സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രത്തിനുമെതിരെ ചോദ്യം ഉയർത്തിയതിന് തങ്ങൾക്കെതിരെ 124 എ വകുപ്പ് ചുമത്തിയതായി ഇരുവരും കുറ്റപ്പെടുത്തി. സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കാർട്ടൂണുകൾ പങ്കുവെച്ചതിനും അഭിപ്രായം പറഞ്ഞതിനുമാണ് കേസ്.
1962നു ശേഷം 124 എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്തതായി പരാതിയിൽ പറയുന്നു. വ്യാപക ദുരുപയോഗം അതിെൻറ സാധുത മാത്രമല്ല, നിയമത്തിലെ അവ്യക്തകളും അനിശ്ചിതത്വവും വ്യക്തമാക്കുന്നു. ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിനു മേലും അത് ദുസ്സ്വാധീനം ചെലുത്തുന്നു. മുമ്പ് കോളനിയായിരുന്ന രാജ്യങ്ങൾ പിന്നീട് ഈ വകുപ്പ് ജനാധിപത്യവിരുദ്ധവും അനാശാസ്യവും അനാവശ്യവുമാണെന്ന് കണ്ടെത്തി എടുത്തുകളഞ്ഞതായി പരാതിക്കാർ വ്യക്തമാക്കി.
മൂന്നു മാസം മുമ്പ് മൂന്ന് അഭിഭാഷകർ ചേർന്ന് ഇതേ പരാതി നൽകിയിരുന്നുവെങ്കിലും സുപ്രീം കോടതി തള്ളുകയായിരുന്നു. 1860ൽ ബ്രിട്ടീഷ് ഭരണത്തിൽ നിലവിൽ വന്നതാണ് ഇന്ത്യൻ ശിക്ഷാനിയമം. 1962ൽ കേദാർ നാഥ് സിങ്- ബിഹാർ സർക്കാർ കേസിൽ രാജ്യദ്രോഹ കുറ്റത്തിെൻറ സാധുത സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ആറു പതിറ്റാണ്ട് മുമ്പ് അത് ശരിയാകാമെങ്കിലും ഇപ്പോൾ അതിന് സാധുത കാണുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.