ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ആഗസ്റ്റ് രണ്ട് മുതൽ ഭരണഘടനാ ബെഞ്ച് വാദം കേൾക്കും
text_fieldsന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ പരാതികളിൽ സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കൽ ആഗസ്റ്റ് രണ്ടിന് തുടങ്ങും. തിങ്കൾ, വെള്ളി ഒഴികെ എല്ലാ ദിവസവും വാദം കേൾക്കൽ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ മാസം 27നകം സമർപ്പിക്കണമെന്നും തുടർന്ന് നൽകുന്നവ സ്വീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കോൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചു.
370ാം വകുപ്പ് റദ്ദാക്കലിനെതിരെ നൽകിയ പരാതികളിൽ കേന്ദ്രസർക്കാർ സമർപ്പിച്ച അവസാന സത്യവാങ്മൂലം വാദം കേൾക്കലിനെതിരാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ജമ്മു-കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ വകുപ്പ് എടുത്തു കളഞ്ഞ് നാലു വർഷങ്ങൾക്കുശേഷമാണ് അന്തിമ വാദം കേൾക്കൽ ആരംഭിക്കുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിനൊപ്പം ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു.
20 ലേറെ പരാതികളാണ് ഇതിനെതിരെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. 2020 മാർച്ചിൽ കേസ് അവസാനമായി പരിഗണിച്ചപ്പോൾ ഏഴംഗ ഭരണഘടന ബെഞ്ചിന് കൈമാറണമെന്ന് ആവശ്യമുയർന്നെങ്കിലും വേണ്ടെന്ന് സുപ്രീംകോടതി തീരുമാനമെടുത്തു. 370ാംവകുപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ അഞ്ചംഗ ബെഞ്ചുകളുടെ വിധി പരസ്പരം എതിരാകുന്നതിനാൽ വലിയ ബെഞ്ച് പരിഗണിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാൽ, രണ്ടു വിധികൾക്കുമിടയിൽ സംഘട്ടനമില്ലെന്നു പറഞ്ഞ് അഞ്ചംഗ ബെഞ്ചിൽ കേസ് നിലനിർത്തുകയാണെന്ന് കോടതി വ്യക്തമാക്കി. അതിനുശേഷം രണ്ടു വർഷത്തിലേറെ കഴിഞ്ഞാണ് കേസുകൾ വീണ്ടും പരിഗണിക്കപ്പെടുന്നത്.
അതിനിടെ, കേന്ദ്ര സർക്കാർ നൽകിയ അവസാന സത്യവാങ്മൂലം കേസിനെ ബാധിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 370ാം വകുപ്പ് റദ്ദാക്കിയത് കശ്മീരിൽ മുമ്പെങ്ങുമില്ലാത്ത വിധം സമാധാനവും സുസ്ഥിതിയും തിരിച്ചെത്തിച്ചെന്നും കല്ലെറിയലും സ്കൂൾ അടച്ചുപൂട്ടലും ഇപ്പോൾ സംഭവിക്കാറില്ലെന്നുമായിരുന്നു സത്യവാങ്മൂലം. തിങ്കളാഴ്ച നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് ചൊവ്വാഴ്ച വാദം കേൾക്കലിനിടെ പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് കോടതി അറിയിച്ചു. വകുപ്പ് റദ്ദാക്കിയ ശേഷമുള്ള സംഭവങ്ങളാണ് പുതിയ സത്യവാങ്മൂലത്തിലുള്ളതെന്നും ഭരണഘടന വിരുദ്ധമാണോ എന്ന വിഷയവുമായി അതിന് ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ഷാ ഫൈസൽ, സന്നദ്ധ പ്രവർത്തക ഷഹ്‍ല റാശിദ് എന്നിവരുടെ പിന്മാറ്റം കോടതി അംഗീകരിച്ചു. പിന്മാറ്റത്തിൽ പരാതിയില്ലെന്ന് കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ ഇവരുടെ പേരുകൾ പരാതിക്കാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.
പ്രമുഖ അഭിഭാഷകരായ രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, രാജു രാമചന്ദ്രൻ, ഗോപാൽ സുബ്രമണ്യൻ, സി.യു. സിങ്, നിത്യ രാമകൃഷ്ണൺ, കാമിനി ജയ്സ്വാൾ, വൃന്ദ ഗ്രോവർ, പ്രസന്ന എസ്. എന്നിവരാണ് പരാതിക്കാർക്കു വേണ്ടി ഹാജരാകുക. പാർലമെന്റ് അറിയാതെയാണ് ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞതെന്നും കശ്മീരിൽ ജനങ്ങളുടെ സമ്മതം ചോദിക്കാതെ ഏകപക്ഷീയമായി കർഫ്യൂ ഏർപ്പെടുത്തിയത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ കളങ്കപ്പെടുത്തിയെന്നും പരാതിക്കാർ പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിനാണ് 370ാം വകുപ്പ് എടുത്തുകളയുന്നത്. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും പരാതിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും വാദം കേൾക്കാനുള്ള തീരുമാനം കശ്മീരിലെ കക്ഷികൾ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.