മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ: കേന്ദ്രസർക്കാറിന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ത്രിപുര ഹൈകോടതി ഉത്തരവിനെതിരായ കേന്ദ്ര സർക്കാരിന്‍റെ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും. അംബാനിമാർക്കുള്ള ഭീഷണിയെ സംബന്ധിച്ച അസൽ രേഖകളുമായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നായിരുന്നു ത്രിപുര ഹൈകോടതിയുടെ ഉത്തരവ്. സുരക്ഷ ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് രേഖകൾ ഹാജരാക്കണമെന്ന് കോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകിയത്. ത്രിപുര ഹൈകോടതിയുടെ ഉത്തരവിന് പിന്നാലെ കേന്ദ്രസർക്കാർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
മഹാരാഷ്ട്ര സർക്കാറിന്‍റെ അഭ്യർഥനയെ തുടർന്നാണ് അംബാനിക്കും കുടുംബത്തിനും കേന്ദ്രം സുരക്ഷ നൽകുന്നത്. ഇത് ത്രിപുര സർക്കാറുമായി ബന്ധമില്ലാത്തതിനാൽ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ത്രിപുര ഹൈകോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിനോട് സോളിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കൂടാതെ അംബാനിമാരുടെ ഭീഷണി സംബന്ധിച്ച രേഖകളുമായി ചൊവാഴ്ച ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടതിനാൽ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും സോളിറ്റർ ജനറൽ കോടതിയോട് അഭ്യർഥിച്ചു.
ബികാഷ് സാഹാ എന്നയാളുടെ പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് ത്രിപുര ഹൈകോടതി മെയ് 31 , ജൂൺ 21 തിയതികളിൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചത്. അംബാനിക്കും ഭാര്യക്കും മകൾക്കുമുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ കോടതി കേന്ദ്രസർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.