കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന കാവഡ് വിവാദ ഉത്തരവ് പിൻവലിക്കണം; സന്നദ്ധ സംഘടന സുപ്രീംകോടതിയിൽ; ഹരജി നാളെ പരിഗണിക്കും
text_fieldsലഖ്നോ: വിവാദ കാവഡ് യാത്ര ഉത്തരവിനെതിരെ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) സുപ്രീംകോടതിയെ സമീപിച്ചു. കാവഡ് തീർഥ യാത്ര കടന്നുപോകുന്ന പശ്ചിമ യു.പിയിലെ 240 കിലോമീറ്റർ റോഡിലെ കടകൾക്കു മുന്നിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്‍റെ ഉത്തരവ് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഉത്തരവ് പിൻവലിക്കണമെന്ന് ഓൺലൈൻ വഴി സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ച കോടതി, തിങ്കളാഴ്ച പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഉത്തരവിനെതിരെ പ്രതിപക്ഷവും എൻ.ഡി.എയിലെ സഖ്യ കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തിന്‍റെ ഭരണഘടനക്കുനേരെയുള്ള അതിക്രമമാണിതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവഡ് യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.