'സമൂഹ അടുക്കള': രാജ്യത്ത് പട്ടിണി മരണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് പട്ടിണി മരണങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആളുകൾ വിശന്നു മരിക്കാതിരിക്കാൻ സമൂഹ അടുക്കള പദ്ധതി കേന്ദ്ര സർക്കാർ തയാറാക്കണം. ഇതിനുള്ള ഭരണഘടനാ ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ടെന്നും സുപ്രീംകോടതി നിർദേശം നൽകി. ഈ വിഷയത്തിൽ കേന്ദ്രം ഉടൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സമൂഹ അടുക്കള എന്ന വിഷയം കേന്ദ്ര സർക്കാർ കുറച്ചുകൂടി ഗൗരവത്തിൽ കൈകാര്യം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ സംസ്ഥാനങ്ങളുടെ യോഗം രണ്ടാഴ്ചക്കുള്ളിൽ വിളിച്ചു ചേർക്കണം. എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാനങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കണം. തുടർന്ന് മൂന്നാഴ്ചക്കുള്ളിൽ സമൂഹ അടുക്കള സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം പ്രിൻസിപ്പിൽ സെക്രട്ടറിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിച്ചു.
സമൂഹ അടുക്കള പദ്ധതി നടപ്പാക്കാൻ ഏതുവിധത്തിലുള്ള നയരൂപീകരണമാണ് നടത്തുന്നതെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് പൊതുതാൽപര്യ ഹരജി പരിഗണിക്കവെ ഒക്ടോബർ 27ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമൂഹ അടുക്കള സംബന്ധിച്ച വിശദ വിവരങ്ങൾ ഇല്ലായിരുന്നു.
കോവിഡിനെ നേരിടാനും സമൂഹിക അടുക്കളക്കും വേണ്ടി പൊലീസുകാരെ നിയോഗിച്ചെന്ന വിവരമാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ, അണ്ടർ സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനാണ് സത്യവാങ്മൂലം നൽകിയത്. കേന്ദ്ര സർക്കാർ ലാഘവത്തോടെയുള്ള നടപടിയാണ് ചീഫ് ജസ്റ്റിസിന്‍റെ കടുത്ത വിമർശനത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.