അപകീർത്തിക്കേസിൽ രാഹുലിന്‍റെ ഹരജി സുപ്രീംകോടതി 21ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി സുപ്രീംകോടതി ജൂലൈ 21ന് പരിഗണിക്കും. കേസിൽ കീഴ്കോടതി വിധിച്ച തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ നൽകിയ പുനഃപരിശോധന ഹരജി അടുത്തിടെ ഹൈകോടതി തള്ളിയിരുന്നു.
2019 ഏപ്രിൽ 13ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിന്‍റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.
മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്‍റെ വയനാട് ലോക്സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു. സൂറത്ത് കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ശിക്ഷ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.