ബിഹാറിലെ ജാതി സെൻസസ് ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കും
text_fieldsപട്ന: ബിഹാറിൽ ജാതി സെൻസസ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കും. ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്ത് ജാതി സെൻസസ് ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.
ജില്ലാ കലക്ടറെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ടാണ് ബിഹാറിൽ ജാതി സെൻസസ് നടത്തുന്നത്. സെൻസസ് നടപടികൾക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നൽകി സർക്കാർ രംഗത്തിറക്കുന്നത്. മൊബൈൽ ആപ്പു വഴി വാർഡ് തലത്തിൽ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക.
രണ്ടു ഘട്ടങ്ങളായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യ ഘട്ടത്തിൽ എല്ലാ വീടുകളിലും എന്യൂമറേറ്റർമാർ എത്തും. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എല്ലാ മതങ്ങളിലും ജാതികളിലും ഉപജാതികളിലും പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. ജനങ്ങളുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്ന് പട്ന ജില്ല മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു. സെൻസസ് നടപടികൾ മേയിൽ പൂർത്തീകരിക്കും. 500 കോടി രൂപയാണ് സർക്കാർ സെൻസസിനായി ചെലവഴിക്കുക. സംസ്ഥാന പൊതുഭരണവകുപ്പാണ് സെൻസസിന്റെ നോഡൽ ഏജൻസി. തൊഴിലുറപ്പ് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽ ഉള്ളവരെയാണ് സെൻസസ് നടപടികൾക്കായി സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.