ലഖിംപൂരിലെ കർഷക ഹത്യ; സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
കർഷകരുടെ കൊലപാതകത്തിനു പിന്നാലെ സുപ്രീംകോടതി മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.പിയിലെ രണ്ട് അഭിഭാഷകർ ഹരജി നൽകിയിരുന്നു. ഇതിനു പുറമെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കേസിൽ യു.പി സർക്കാറിന്‍റെ വിശദീകരണം കോടതി തേടിയേക്കും.
കർഷകരുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് കോടതിയുടെ ഇടപെടൽ. ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.
വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂരിലെത്തി കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.