മണിപ്പൂർ പൊലീസിനോട് സുപ്രീംകോടതി: ‘ഇത് റിപ്പോർട്ടാണ്, കുറ്റകൃത്യമല്ല’
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ എഡിറ്റേഴ്സ് ഗിൽഡിന്റേത് റിപ്പോർട്ടാണെന്നും കുറ്റകൃത്യമല്ലെന്നും സുപ്രീംകോടതി. വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളായ മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ചവരെ നീട്ടുന്നതിനിടയിലാണ് മണിപ്പൂർ പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ കോടതി ഇക്കാര്യം ഓർമിപ്പിച്ചത്. അതേസമയം മണിപ്പൂർ പൊലീസിന്റെ എഫ്.ഐ.ആർ തള്ളുന്നത് തങ്ങൾ ആലോചിക്കുന്നില്ലെന്നും ഹരജി മണിപ്പൂർ ഹൈകോടതിയിലേക്കോ ഡൽഹി ഹൈകോടതിയിലേക്കോ മാറ്റുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
തങ്ങൾ റിപ്പോർട്ട് ഉണ്ടാക്കിയെന്നാണ് മൂവരും വാദിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. റിപ്പോർട്ട് ആ വിഷയത്തിലുള്ള അവരുടെ അഭിപ്രായമാണ്. ഇത് മണിപ്പൂരിൽ ആരെങ്കിലും പോയി കുറ്റകൃത്യം ചെയ്തതിന്റെ കേസല്ല. റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് അവർ ചെയ്തത്. ഏതെങ്കിലും തരത്തിലുള്ള ഇളവ് നൽകരുതെന്നും ഭാവിയിൽ മറ്റേതെങ്കിലും കേസുകളിൽ കീഴ്വഴക്കമായേക്കാമെന്നുമൊക്കെ താങ്കൾ വലിയ പ്രസ്താവന നടത്തിയേക്കാമെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ്, സോളിസിറ്റർ ജനറലിന്റെ വാദത്തിന് തടയിട്ടു.
കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും മണിപ്പൂർ ഹൈകോടതിയിലേക്ക് ഹരജിക്കാരെ വിടണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതേസമയം, കുക്കി പ്രഫസർക്കുവേണ്ടി ഹാജരായ അഭിഭാഷകനുനേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയ ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഡൽഹി ഹൈകോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഹരജിക്കാർക്ക് മണിപ്പൂർ ഹൈകോടതിയിൽ ഓൺലൈനായും ഹാജരാകാമല്ലോ എന്നായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം. അതോടെ ഈ റിപ്പോർട്ടിന്റെ പേരിൽ എന്തിന് തങ്ങളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിബൽ ചോദിച്ചു. സെപ്റ്റംബർ രണ്ടിന് തയാറാക്കിയ റിപ്പോർട്ടിൽ മൂന്നിന് കേസെടുക്കുകയും നാലിന് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുകയും ചെയ്തു. തങ്ങൾക്ക് അഭിഭാഷകരെപോലും വെക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേസ് നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും സിബൽ തുടർന്നു.
ഇത് ദേശീയതലത്തിൽ വിഷയമാക്കാനാണ് ആഗ്രഹമെങ്കിൽ തങ്ങൾക്കും കഴിയുമെന്നും അതല്ലെങ്കിൽ ഹൈകോടതി കൈകാര്യംചെയ്യട്ടെ എന്നും മേത്ത പറഞ്ഞു. അപ്പോഴാണ് മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരായ മണിപ്പൂർ പൊലീസിന്റെ എഫ്.ഐ.ആർ തങ്ങൾ തള്ളുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരോട് ഡൽഹി ഹൈകോടതിയിലേക്ക് പോകാൻ തനിക്ക് പറയാമോ എന്ന് സോളിസിറ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ ഇതൊരു ദേശീയ രാഷ്ട്രീയ പ്രശ്നമാകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മേത്ത വാദിച്ചു. അതോടെ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളായ ഭരത് ഭൂഷൺ, സഞ്ജയ് കപൂർ, സീമ ഗുഹ എന്നിവർ തയാറാക്കിയ 24 പേജുള്ള വസ്തുതാന്വേഷണ റിപ്പോർട്ട് ഈ മാസം രണ്ടിനാണ് പുറത്തുവിട്ടത്. ഇതേത്തുടർന്നാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മൂന്നു പേർക്കുമെതിരെ രണ്ട് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മണിപ്പൂരിൽ പോയത് ഇന്ത്യൻ സേന പറഞ്ഞിട്ട് -എഡിറ്റേഴ്സ് ഗിൽഡ്
ന്യൂഡൽഹി: എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ വസ്തുതാന്വേഷണം നടത്താൻ സ്വയം താൽപര്യമെടുത്ത് മണിപ്പൂരിൽ പോയതല്ലെന്നും മറിച്ച്, ഇന്ത്യൻ സേനയുടെ ആവശ്യപ്രകാരമാണ് അവിടം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയതെന്നും വസ്തുതാന്വേഷണ സമിതി അംഗങ്ങളായ ഭരത് ഭൂഷൺ, സഞ്ജയ് കപൂർ, സീമ ഗുഹ എന്നിവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്തിനാണ് സേന എഡിറ്റേഴ്സ് ഗിൽഡിനോട് മണിപ്പൂരിൽ വരാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചപ്പോൾ, മണിപ്പൂരിൽ യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് വസ്തുതാപരമായി റിപ്പോർട്ട് ചെയ്യണമെന്ന് കരസേന ആഗ്രഹിച്ചിരുന്നെന്ന് സിബൽ മറുപടി നൽകി.
ഇന്ത്യൻ സേന എഡിറ്റേഴ്സ് ഗിൽഡിന് അയച്ച കത്ത് കാണണമെന്ന് കപിൽ സിബൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. ഗൗരവമേറിയ വിഷയമാണിത്. മണിപ്പൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അധാർമികമാണ്. ഒരു പക്ഷത്തെ കേൾക്കാതെ മറുപക്ഷത്തുനിന്ന് കൊണ്ടുള്ള റിപ്പോർട്ടാണ് പ്രാദേശിക മാധ്യമങ്ങൾ അവിടെ നൽകിയത്. എഡിറ്റേഴ്സ് ഗിൽഡ് ഒരു റിപ്പോർട്ട് തയാറാക്കിയാൽ നിലവിൽ ചുമത്തിയ വകുപ്പുകൾ പ്രകാരം കേസെടുക്കാനാവില്ലെന്നും സിബൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.