കേന്ദ്ര പൊലീസ് സർവിസിലെ ഭിന്നശേഷി നിയമനവിലക്ക് പുനഃപരിശോധിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര പൊലീസ് സർവിസുകളിൽ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് നിയമനവിലക്ക് ഏർപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി.
ഇന്ത്യൻ പൊലീസ് സർവിസ്, ഇന്ത്യൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഡൽഹി, അന്തമാൻ, നിക്കോബാർ പൊലീസ് സർവിസ് എന്നിവിടങ്ങളിലുള്ള നിയമനവിലക്ക് 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാൻ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഭിന്നശേഷി ഉന്നമന വകുപ്പാണ് ഈ മൂന്ന് വിഭാഗങ്ങളിൽ സംവരണം ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന നാഷനൽ പ്ലാറ്റ്‌ഫോം ഫോർ റൈറ്റ്‌സ് ഓഫ് ഡിസേബ്ൾഡ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യേണ്ടവരാണ് ഈ മൂന്ന് മേഖലയിലെ ഉദ്യോഗസ്ഥരെന്നും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവരെ പരിഗണിക്കാനാവില്ലെന്നും ജോലിയുടെ സ്വഭാവം പ്രധാന ഘടകമാണെന്നുമുള്ള കേന്ദ്രവാദം കോടതി അംഗീകരിച്ചില്ല. ഭിന്നശേഷിക്കാർ, ആസിഡ് ആക്രമണത്തിന്‍റെ ഇരകൾ എന്നിവരെ ഈ മൂന്ന് സർവിസുകളിൽനിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ബന്ധപ്പെട്ട കമ്മിറ്റി യോഗംചേർന്ന് പൊരുതൽ ആവശ്യമില്ലാത്ത തസ്തികകളിലേക്കടക്കം ഭിന്നശേഷിക്കാരെ നിയമിക്കുന്ന കാര്യം പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ വിദഗ്ധ ഉപദേശം തേടുകയും ഹരജിക്കാർ മുന്നോട്ടുവെച്ച ശിപാർശകൾ പരിഗണിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.
സിവിൽ സർവിസ് പരീക്ഷയിൽ യോഗ്യത നേടിയ ഭിന്നശേഷിക്കാരന് ഇഷ്ടമുള്ള സർവിസ് തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.