ജെറ്റ് എയർവേസ് പൂട്ടി കടംവീട്ടണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പാപ്പരായ ജെറ്റ് എയർവേസിനെ ലിക്വിഡേറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. കടത്തിൽ അകപ്പെട്ട കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ആസ്തികൾ കണ്ടുകെട്ടി കടം വീട്ടാൻ നടപടി സ്വീകരിക്കുന്ന പ്രക്രിയയാണ് ലിക്വിഡേഷൻ. ഭരണഘടന അനുച്ഛേദം 142 പ്രകാരം സവിശേഷ അധികാരമുപയോഗിച്ചാണ് സുപ്രീംകോടതി നടപടി.
ജെറ്റ് എയർവേസിനെ ജലൻ -കാൾറോക്ക് കൺസോർട്യത്തിന് (ജെ.കെ.സി) കൈമാറാനുള്ള നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി) അനുമതി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. എൻ.സി.എൽ.എ.ടിയുടെയും ബാങ്ക്റപ്സി ബോർഡ് ഓഫ് ഇന്ത്യയുടെയും പ്രവർത്തനങ്ങളെ കോടതി വാക്കാൽ വിമർശിച്ചു.
കടം തിരിച്ചടക്കുന്നില്ലെന്നും കമ്പനി കൈമാറ്റമടക്കം പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടെന്നും കാണിച്ച് എസ്.ബി.ഐയും പഞ്ചാബ് നാഷനൽ ബാങ്കുമുൾപ്പെടെയുള്ളവർ കോടതിയെ സമീപിക്കുകയായിരുന്നു. ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ജെ.കെ.സി ബാങ്കുകളിലേക്ക് 4,783 കോടിയാണ് തിരിച്ചടക്കേണ്ടിയിരുന്നത്.
എന്നാൽ, ആദ്യ ഗഡുവായ 350 കോടി തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും എൻ.സി.എൽ.എ.ടി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ബാങ്കുകൾ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ, ഇതിനകം കൺസോർട്യം നിക്ഷേപിച്ച 200 കോടി കണ്ടുകെട്ടാനും ലിക്വിഡേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥരെ നിയമിക്കാനും കോടതി എൻ.സി.എൽ.എ.ടിയോട് നിർദേശിച്ചു.
2019 ഏപ്രിലിലാണ് കടം മൂലം ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. രണ്ടുവർഷത്തിനു ശേഷം പ്രവാസി ഇന്ത്യക്കാരനായ മുരാരി ജലാനും കാൾറോക്ക് കാപ്പിറ്റൽ പാർട്ണേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി ജെറ്റ് എയർവേസ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തി.
തുടർന്ന് ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ നിരീക്ഷണ സമിതി രൂപവത്കരിച്ചെങ്കിലും നിയമപരവും സാമ്പത്തികവുമായ കാലതാമസമുണ്ടായി. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിലേതടക്കം സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കാൻ കാലതാമസം നേരിടുന്നതായി മേയിൽ ജെറ്റ് ഓഹരിയുടമകളെ അറിയിച്ചിരുന്നു.
സ്തബ്ദരായി ഓഹരിയുടമകൾ
ന്യൂഡൽഹി: സുപ്രീംകോടതിയുടെ വിധി അക്ഷരാർഥത്തിൽ സ്തബ്ദരാക്കിയത് ജെറ്റ് എയർവേസിന്റെ 1.43 ലക്ഷം റീടെയ്ൽ ഓഹരിയുടമകളെയാണ്. പലരും ജെറ്റ് എയർവേസ് തിരിച്ചുവരുന്നത് പ്രതീക്ഷിച്ചും നല്ല കാലം മുന്നിൽ ക്കണ്ടും ഓഹരി വാങ്ങിയവരായിരുന്നു. കോടതി വിധി വന്നതോടെ ജെറ്റ് എയർവേസിന്റെ ഓഹരി കുത്തനെ ഇടിഞ്ഞു.
അഞ്ച് ശതമാനം ഇടിഞ്ഞ് 34.04 രൂപ വിലയിൽ വാങ്ങാനാളില്ലാതെയായിരുന്നു നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി വിപണനം അവസാനിച്ചത്. കമ്പനിയുടെ ഓഹരികളിൽ 19.29 ശതമാനം ചെറുകിട നിക്ഷേപകർ കൈവശം വെക്കുന്നുവെന്നാണ് സെപ്റ്റംബർ 30 വരെയുള്ള കണക്ക്.
പഞ്ചാബ് നാഷനൽ ബാങ്ക് (26 ശതമാനം), ഇത്തിഹാദ് എയർവേസ് (24 ശതമാനം), ഇസ്റ്റ് വൈൽ പ്രമോട്ടേഴ്സ് (25 ശതമാനം) എന്നിവരാണ് മറ്റ് ഓഹരിയുടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.