പൗരത്വ സമരം: ദേവാംഗനയുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു; ആസിഫ് തൻഹയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ പിഞ്ച്റ തോഡ് നേതാവ് േദവാംഗന കലിതക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. അതേസമയം, ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പൗരത്വ സമരത്തിെൻറ നേതൃനിരയിലുണ്ടായിരുന്ന എസ്.ഐ.ഒ നേതാവ് ആസിഫ് തൻഹ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കകർഡുമ കോടതി രണ്ടാമതും തള്ളി. ഇന്ത്യക്കെതിരെ അതൃപ്തിയുണ്ടാക്കാൻ സംഘടിപ്പിച്ചതാണ് പൗരത്വ സമരമെന്നാണ് ജാമ്യാപേക്ഷ നിരസിച്ച് കോടതി അഭിപ്രായപ്പെട്ടത്.
സെപ്തംബർ ഒന്നിനാണ് ഡൽഹി കോടതി ദേവാംഗന കലിതക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, ഇതിനെതിരെ ഡൽഹി പൊലീസ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിച്ചെങ്കിലും യു.എ.പി.എ അടക്കം ചുമത്തിയ നാല് കേസുകളുള്ളതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനായിരുന്നില്ല. പ്രതി സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കുമെന്നുമായിരുന്നു സുപ്രീം കോടതിയിൽ ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ എസ്.വി രാജുവിെൻറ വാദം. അതിനാൽ ജാമ്യം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പിഞ്ച്റ തോഡ് നേതാവ് ഓടിയൊളിക്കില്ലെന്നും ഹൈകോടതി അനുവദിച്ച ജാമ്യം നിഷേധിക്കുന്നില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ദേവാംഗന തെളിവ് നശിപ്പിക്കുന്നതായി കണ്ടാൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ പൊലീസിന് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ജാഫ്രാബാദിൽ മെട്രോ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അനുസരിച്ചാണ് പിഞ്ച്റ തോഡ് നേതാക്കളായ ദേവാംഗനയെയും നതാഷ നർവാളിനെയും മേയ് 23ന് അറസ്റ്റ് ചെയ്തത്. ഇൗ കേസിൽ മേയ് 25ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അജിത് നാരായണൻ ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് നാടകീയമായി ക്രൈംബ്രാഞ്ച് രംഗപ്രവേശം ചെയ്ത് ഇരുവർക്കുമെതിരെ ഡൽഹി കലാപത്തിൽ യു.എ.പി.എ ചുമത്തി കേസെടുത്തു. കലാപം, കൊലപാതകം എന്നിവയിൽ ഇരുവർക്കും ബന്ധമുണ്ടെന്നാരോപിച്ച് 147, 353, 307, 302 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. നതാഷക്ക് ജാമ്യം ലഭിച്ചിട്ടില്ല.
ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗം കൂടിയായ ആസിഫ് തൻഹ (27) മേയ് 21നാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിനെതിരെയും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. പൗരത്വ സമരത്തിലൂടെയും മറ്റ് അക്രമ പ്രവർത്തനങ്ങളിലൂടെയും ആസിഫ് ഇന്ത്യക്കെതിരെ അതൃപ്തി വളർത്തുകയായിരുന്നുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ കകർഡുമ അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ് ഇത്തരം പ്രവർത്തനങ്ങളെന്നും അതും ഭീകരപ്രവൃത്തിയാണെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.