കുട്ടികളെ സ്കൂളിലേക്ക് ദീർഘദൂരം നടത്തേണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി/മലപ്പുറം: സ്കൂളിലെത്താൻ കുട്ടികൾ മൂന്നോ നാലോ കിലോമീറ്റർ നടക്കേണ്ടിവരുന്നത് വിദ്യാഭ്യാസാവകാശനിയമത്തിെൻറ സത്തക്ക് യോജിക്കുന്നതല്ലെന്ന് സുപ്രീംകോടതി. 14 വയസ്സ് വരെയുള്ള വിദ്യാഭ്യാസം മൗലികാവകാശമാണെന്നും ജസ്റ്റിസുമാരായ മദൻ ബി ലോകുർ, ദീപക് ഗുപ്ത എന്നിവർ ചൂണ്ടിക്കാട്ടി.
പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂളിെൻറ അപ്ഗ്രേഡുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 10മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾ ഇത്രയും ദൂരം നടന്ന് സ്കൂളിൽ പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. എല്ലാവർക്കും വിദ്യാഭ്യാസം എന്ന മൗലികാവകാശം യാഥാർഥ്യമാകണമെങ്കിൽ കുട്ടികൾ കിലോമീറ്ററുകൾ നടന്ന് യു.പി സ്കൂളിലെത്തുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികൾക്ക് എളുപ്പത്തിൽ എത്തിപ്പെടാവുന്ന ഇടങ്ങളിൽ വേണം വിദ്യാഭ്യാസസ്ഥാപനങ്ങളെന്നും കോടതി പറഞ്ഞു.
പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.എൽ.പി സ്കൂൾ അപ്ഗ്രേഡിങ്ങുമായി ബന്ധപ്പെട്ട നിയമപോരാട്ടം രണ്ട് വർഷം മുമ്പാണ് തുടങ്ങിയത്. 2015 ജൂണിൽ യു.ഡി.എഫ് സർക്കാർ സ്കൂൾ യു.പിയായി അപ്ഗ്രേഡ് ചെയ്തു. ഇതിനെതിരെ സമീപത്തെ ചിറമംഗലം സ്കൂൾ കോടതിയെ സമീപിച്ചു. സ്കൂളുകൾ തമ്മിൽ മൂന്നുകിലോമീറ്റർ ദൂരമില്ലെന്നും 1958ലെ കേരള വിദ്യാഭ്യാസ ചട്ടം പാലിക്കാതെയാണ് അപ്ഗ്രഡേഷൻ എന്നുമായിരുന്നു വാദം.
തുടർന്ന് ഹൈകോടതി സർക്കാർ അനുമതി സ്റ്റേ ചെയ്തു. ഇതിനെതിരെ പാലത്തിങ്ങൽ സ്കൂൾ മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതി സ്റ്റേ നീക്കിയാണ് സുപ്രീംകോടതി സ്കൂൾ പ്രവർത്തിക്കാൻ അനുമതി നൽകിയത്.
സ്കൂളുകൾക്കിടയിൽ ആകാശമാർഗമുള്ള ദൂരമാണ് എതിർഭാഗം ചൂണ്ടിക്കാണിച്ചതെന്നും വാഹനങ്ങളിലും കാൽനടയായും മൂന്നിനും ആറിനുമിടയിൽ കിലോമീറ്റർ ദൂരമുണ്ടെന്നുമുള്ള പാലത്തിങ്ങൽ സ്കൂളിെൻറ വാദം സുപ്രീംകോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.