നഴ്സുമാരുടെ മിനിമം വേതനം നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു
text_fieldsന്യൂഡൽഹി: നഴ്സുമാർ അടക്കം കേരളത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുന്നതിലെ തുടർ നടപടി സുപ്രീംകോടതി ബെഞ്ച് തടഞ്ഞു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിലാണ് ജസ്റ്റിസുമാരായ എ.കെ. അഗർവാൾ, അഭയ് കുമാർ സപ്രെ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ നടപടി. ഹരജി അന്തിമ വാദത്തിന് നവംബർ മൂന്നിലേക്ക് മാറ്റി.
മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റി നിയമവിരുദ്ധമായതിനാൽ ആ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വേതനം നിർണയിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശുപത്രി ഉടമകൾ അഡ്വ. സുൽഫിക്കർ അലി മുഖേന സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്.
1948ലെ ചുരുങ്ങിയ വേതന നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം കേരളത്തിലുണ്ടാക്കിയ കമ്മിറ്റി സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് നഴ്സുമാർക്ക് പുതുക്കിയ ശമ്പള സ്കെയിൽ നിശ്ചയിച്ചതെന്ന് ഹരജിയിൽ അസോസിയേഷൻ ബോധിപ്പിച്ചു. ഇൗ വകുപ്പ് പ്രകാരം മിനിമം വേതനം നിശ്ചയിക്കാൻ ഉണ്ടാക്കുന്ന 27അംഗ കമ്മിറ്റിയിൽ 13 പേർ തൊഴിലാളികളും 13 തൊഴിലുടമകളും ആകേണ്ടതായിരുന്നു. എന്നാൽ ലേബർ കമീഷണർ ചെയർമാനായി ഉണ്ടാക്കിയ കമ്മിറ്റിയിൽ ആറ് തൊഴിലുടമ പ്രതിനിധികളെയാണ് ഉൾപ്പെടുത്തിയതെന്നും ബാക്കി ഏഴ് പേർ വിവിധ സ്വകാര്യ ആശുപത്രിയിലെ തൊഴിലാളികളായിരുന്നുവെന്നും ഹരജിക്കാർ വാദിച്ചു. തൊഴിലുടമകൾക്ക് തൊഴിലാളികളുടേതിന് തുല്യമായ നിയമപരമായ പ്രാതിനിധ്യം കിട്ടാത്തതിനാൽ ഇൗ കമ്മിറ്റിയും റിപ്പോർട്ടും അസാധുവായി പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.