സുപ്രീംകോടതി വിധി: മഹാരാഷ്ട്രയിൽ സമനില, ആരും ജയിച്ചില്ല; ആരും തോറ്റില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ അധികാര അട്ടിമറിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സാങ്കേതികമായി ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി സഖ്യ സർക്കാറിന് ഭീഷണിയാകുന്നില്ലെങ്കിലും ധാർമികമായ നേട്ടം ശിവസേന (യു.ബി.ടി), എൻ.സി.പി, കോൺഗ്രസ് സഖ്യത്തിന്. ഗവർണർ, സ്പീക്കർ എന്നിവർക്കെതിരെ മഹാ വികാസ് അഗാഡി സഖ്യം പ്രകടിപ്പിച്ച സംശയങ്ങൾ കോടതി ശരിവെച്ചിട്ടുണ്ട്. ഭരണഘടന പദവി മറന്ന് അന്നത്തെ ഗവർണർ ഭഗത് സിങ് കോശിയാരി രാഷ്ട്രീയച്ചായ്വോടെ പ്രവർത്തിച്ചതും ശിവസേന ഔദ്യോഗിക പക്ഷത്തിന്റെ ചീഫ്വിപ്പിനെ വിമതർ മാറ്റിയത് സ്പീക്കർ രാഹുൽ നർവേക്കർ അംഗീകരിച്ചതും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി വിധിച്ചത്.
ഉദ്ധവ് താക്കറെ വിശ്വാസ വോട്ടിന് നിൽക്കാതെ മുഖ്യമന്ത്രി പദം സ്വമേധയാ രാജിവെച്ചതിനാൽ സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ധാർമിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് രാജിവെച്ചതെന്നാണ് ഇതിനോട് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ഇതെല്ലാം ധാർമികമായി ഉദ്ധവിനെയും അഗാഡി സഖ്യത്തെയും തുണക്കുമെന്നാണ് നിരീക്ഷണം. സഖ്യത്തിന് വിധി കൂടുതൽ ശക്തിപകരുമെന്നും കരുതുന്നു. അതേസമയം, നിലവിൽ സർക്കാറിന് ഭീഷണിയില്ലെങ്കിലും ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കുമോ എന്ന് ഉറ്റുനോക്കപ്പെടുന്നു.
തർക്കത്തിലെ കാതലായ, 16 വിമത എം.എൽ.എമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം വിശാല ബെഞ്ചിന് വിട്ടെങ്കിലും നിലവിലെ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ബി.ജെ.പിയുടെ രാഹുൽ നർവേക്കറാണ് നിലവിലെ സ്പീക്കർ. അദ്ദേഹം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള 16 ശിവസേന വിമതരെ അയോഗ്യരാക്കിയാലും ബി.ജെ.പി സഖ്യ സർക്കാർ തന്നെയാണ് തിരിച്ചുവരുക. അംഗബലം അപ്പോഴും അവർക്ക് അനുകൂലമാകും. അങ്ങനെ വന്നാൽ ഷിൻഡെക്ക് പകരം ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തും.
താൻ മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തുമെന്ന് ഫഡ്നാവിസ് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി യോഗങ്ങളിൽ സൂചിപ്പിച്ചിരുന്നു. ഒരു വർഷത്തിനകം അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരും. 2002 ജൂണിലാണ് ഏക്നാഥ് ഷിൻഡെ വിമതനീക്കം നടത്തി ഉദ്ധവ് താക്കറെ നയിച്ച സർക്കാറിനെ അട്ടിമറിച്ചത്. തുടർന്ന് ബി.ജെ.പി പിന്തുണയിൽ മുഖ്യമന്ത്രിയാകുകയായിരുന്നു.
ശിവസേനയിലെ വിമത നീക്കവും അട്ടിമറിയും
- 2022 ജൂൺ 20: മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിന് തൊട്ടുപിറകെ ഏക്നാഥ് ഷിൻഡെ അടക്കം 11 ശിവസേന എം.എൽ.എമാർ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയതോടെയാണ് വിമതനീക്കം പുറത്തായത്. 21ന് പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ച ഉദ്ധവ് താക്കറെ ഷിൻഡെയെ പാർട്ടി നിയമസഭ കക്ഷി നേതാവ് പദവിയിൽ നിന്ന് നീക്കം ചെയ്തു.
- ജൂൺ 22: രണ്ട് എം.എൽ.എമാർ തിരിച്ചു വന്നതോടെ വിമതരുടെ താമസം ഗുവാഹതിയിലേക്ക് മാറ്റി. വിമത എം.എൽ.എമാരുടെ എണ്ണവും വർധിച്ചു. അടുത്ത ദിവസം ഷിൻഡെയെ വിമത എം.എൽ.എമാർ പാർട്ടി നിയമസഭ കക്ഷി നേതാവാക്കി. ശിവസേനയുടെ പരാതിയിൽ ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ അയോഗ്യരാക്കാതിരിക്കാൻ ഷിൻഡെ അടക്കം 16 വിമത എം.എൽ.എമാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. അന്ന് രാത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പടിയിറങ്ങി.
- ജൂൺ 26: ഡെപ്യൂട്ടി സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് മഹാരാഷ്ട്ര നിയമസഭ തള്ളിയതിനെതിരെ ഷിൻഡെ സുപ്രീംകോടതിയിൽ ഹരജി നൽകി.
- ജൂൺ 29: ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിങ് കോശിയാരി ആവശ്യപ്പെടുകയും സുപ്രീംകോടതി അതിന് സ്റ്റേ നൽകാൻ വിസമ്മതിക്കുകയും ചെയ്തതോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു.
- ജൂൺ 30 : ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
- ജൂലൈ മൂന്ന്: ദ്വിദിന പ്രത്യേക നിയമസഭ യോഗത്തിന് തുടക്കമായി. ബി.ജെ.പിയിലെ രാഹുൽ നർവേക്കറെ സ്പീക്കറായി തെരഞ്ഞെടുത്തു.
- ജൂലൈ നാല്: ഏക്നാഥ് ഷിൻഡെ വിശ്വാസവോട്ട് നേടി. 164 പേർ അനുകൂലിച്ചും 99 പേർ എതിർത്തും വോട്ട് ചെയ്തു.
- ഒക്ടോബർ എട്ട്: അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ശിവസേനയുടെ പാർട്ടി പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു.
- 2023 ഫെബ്രുവരി 17: പാർട്ടി ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.