കോവിഡ് നഷ്ടപരിഹാരം: വ്യാജ മരണ സർട്ടിഫിക്കറ്റുകൾക്കെതിരെ സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: കോവിഡ് മരണങ്ങളുടെ നഷ്ടപരിഹാരം ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ്. അർഹരല്ലാത്തവർക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭിക്കാൻ ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു.
വിഷയത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിച്ചു. വ്യാജ കോവിഡ് മരണ സർട്ടിഫിക്കറ്റുകൾ തടയാനുള്ള സംവിധാനത്തെക്കുറിച്ച് സുപ്രീം കോടതി സർക്കാറിന്‍റെ നിർദേശം തേടുകയും ഉത്തരവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്നും പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റുകൾ നിയന്ത്രിക്കാൻ, മരണത്തിന് കീഴടങ്ങുന്നവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനോട് നിർദേശിച്ചു. അപേക്ഷാ നടപടി അനിശ്ചിതമായി തുടരാനാകില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, കുറച്ച് സമയപരിധി ഉണ്ടായിരിക്കണമെന്നും അല്ലാത്തപക്ഷം 5-6 വർഷത്തേക്ക് പ്രക്രിയ നീണ്ടുപോകുമെന്നും കൂട്ടിച്ചേർത്തു.
ഡോക്ടർമാർ നൽകുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ യഥാർത്ഥ ആവശ്യക്കാരുടെ അവസരം ഇല്ലാതാക്കിയേക്കാമെന്നും അതിനാൽ അതെങ്ങനെ തടയണമെന്ന് നിർദേശിക്കാൻ കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തിനോട് ജസ്റ്റിസ് ഷാ ആവശ്യപ്പെട്ടു. വാദം കേൾക്കുന്നത് ബെഞ്ച് മാർച്ച് 14നേക്ക് മാറ്റി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും ഹരജിക്കാരനുമായ ഗൗരവ് കുമാർ ബൻസാൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.