ഡൽഹി വിദ്വേഷ പ്രസംഗം: ഇത്രകാലമായിട്ടും അറസ്റ്റ് നടക്കാത്തതെന്തെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗോവിന്ദ്പുരിയിലെ ധരം സൻസദിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്യാത്തതിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
2021 ഡിസംബറിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് എട്ടുമാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികൾ ഉണ്ടാകാത്തതിനാലാണ് സുപ്രീംകോടതി പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശനമുന്നയിച്ചത്.
ധരം സൻസദിൽ അക്രമത്തിനുള്ള ആഹ്വാനം വ്യക്തമായിരുന്നെന്നും എന്നാൽ പൊലീസ് ഫലത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ ഹരജിക്കാരൻ തുഷാർ ഗാന്ധി ഇത് വിദ്വേഷത്തിനെതിരെ വേഗത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ച സുപ്രീം കോടതിയുടെ തെഹ്‌സീൻ പൂനാവാല വിധിയുടെ നഗ്നമായ ലംഘനമാണന്നും വ്യക്തമാക്കി. തുടർന്ന് കോടതി അഡീഷണൽ സോളിസിറ്റർ കെ.എം. നടരാജിനോട് കേസ് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
തന്റെ കക്ഷിക്ക് ഡൽഹി പൊലീസ് കമീഷണർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആഗ്രഹമില്ലെന്നും എന്നാൽ, രാജ്യത്ത് സമുദായ സൗഹാർദം സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തുഷാർ ഗാന്ധിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതോടെ, ധരം സൻസദിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് കോടതി അഡീഷണൽ സോളിസിറ്റർ ജനറലിനോട് ചോദിച്ചു. എത്ര പേരെ അറസ്റ്റ് ചെയ്തു? ആരാണ് അന്വേഷണ ഉദ്യോഗസ്ഥൻ? കേസ് രജിസ്റ്റർ ചെയ്ത് എട്ടുമാസമായിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതെന്ത്? 2021 ഡിസംബർ 19നാണ് സംഭവം നടന്നത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് എത്രസമയം എടുക്കും? -സുപ്രീംകോടതി ചോദിച്ചു.
എന്നാൽ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജ കോടതിയെ അറിയിച്ചു. അന്വേഷണം എങ്ങനെ നടത്തണമെന്ന് ഹരജിക്കാരന് ആവശ്യപ്പെടാനാകില്ല. സുപ്രീംകോടതിയുടെ 2018 ലെ തെഹ്സീൻ പൂനെവാല വിധി പ്രകാരം ഡൽഹി പൊലീസ് കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം മെയ് നാലിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു ശേഷം എന്തെല്ലാം നടപടികൾ സ്വീകരിച്ചവെന്നത് വിശദമാക്കി ഡൽഹി പൊലീസ് രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ വിഷയത്തിൽ ഡൽഹി പൊലീസ് നൽകിയ സത്യവാങ്മൂലത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. ‘ആരോപിക്കപ്പെട്ട വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ ഹരജിക്കാർ ആരോപിക്കുന്നതുപോലെ വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങൾ പൊലീസിനു കണ്ടെത്താനായിട്ടില്ല. ഒരു പ്രത്യേക വിഭാഗത്തിനെതിരായ ആഹ്വാനങ്ങളൊന്നും വിഡിയോയിലില്ല -എന്നായിരുന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. അതിനാൽ എല്ലാ അന്വേഷണവും അവസാനിച്ചുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയുടെ രൂക്ഷ വിമർശനത്തിനിടയായതോടെ ഒരു മാസത്തിനു ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.