സി.എ.എക്കെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: രാജ്യമെമ്പാടും പ്രതിഷേധത്തിരമാല സൃഷ്ടിച്ച, കേന്ദ്ര സർക്കാറിന്റെ പൗരത്വഭേദഗതി നിയമത്തിന്റെ (സി.എ.എ) ഭരണഘടന സാധുത ചോദ്യംചെയ്യുന്നവയടക്കം 200ലധികം പൊതുതാൽപര്യഹരജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
രണ്ടുവർഷമായി തീരുമാനമെടുക്കാതെ കിടക്കുന്ന നിരവധി പൊതുതാൽപര്യ ഹരജികളും ഇന്ന് പരിഗണിക്കുന്നവയിലുണ്ട്. പൗരത്വഭേദഗതി നിയമം തുല്യതക്കുള്ള ഭരണഘടനപരമായ അവകാശത്തിന്റെ ലംഘനമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ ചിലരെ ഒഴിവാക്കിക്കൊണ്ട് അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണെന്നും മുഖ്യ പരാതിക്കാരായ മുസ്ലിം ലീഗ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂൽ നേതാവ് മഹുവാ മൊയ്ത്ര, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ വിഷയത്തിൽ ഹരജി നൽകിയവരിൽപെടുന്നു. 2019ൽ സുപ്രീംകോടതി, പൗരത്വ (ഭേദഗതി) നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു.
ഗാർഹിക പീഡനങ്ങളിൽനിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പാക്കാനാവശ്യമായ ചട്ടങ്ങൾ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് വി ദ വുമൺ ഓഫ് ഇന്ത്യ സംഘടന നൽകിയ ഹരജിയും ഇന്ന് പരിഗണിക്കും.
നിയമം നിലവിൽ വന്നിട്ട് 15 വർഷത്തിലേറെയായിട്ടും രാജ്യത്ത് ഗാർഹിക പീഡനം തുടരുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.