മണിപ്പൂർ ഭരണനിർവഹണം സുപ്രീംകോടതി നടത്തില്ല
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ ഭരണനിർവഹണം നടത്താൻ സുപ്രീംകോടതി ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ ആഴ്ചയും മണിപ്പൂർ കേസ് കേൾക്കില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നാലാഴ്ച കൂടുമ്പോൾ മാത്രമേ മണിപ്പൂർ കലാപ കേസുകൾ പരിഗണിക്കൂ എന്ന് അറിയിച്ച ബെഞ്ച് മണിപ്പൂർ ഹൈകോടതി പ്രവർത്തിക്കുന്നില്ലെന്ന വാദം വിശ്വസിക്കില്ലെന്നും കൂട്ടിച്ചേർത്തു.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സമുദായങ്ങൾ പരസ്പരം ചളിവാരിയെറിയുന്നത് അവസാനിപ്പിക്കാനാകുമോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചില കാര്യങ്ങളൊക്കെ കോടതിയിൽ ഉന്നയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അഭിഭാഷകരെ ഉപദേശിക്കുകയും ചെയ്തു.
കലാപത്തിൽ രേഖകൾ നഷ്ടപ്പെട്ട ഇരകൾക്ക് ആധാർ കാർഡുകളും ബാങ്ക് അക്കൗണ്ട് രേഖകളും നൽകാൻ ജസ്റ്റിസുമാരായ ജെ.ബി പർദീവാല, മനോജ് മിശ്ര എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കലാപത്തിലെ ഇരകളിൽ യു.ഐ.ഡി.ഐ.യുടെ പക്കൽ ബയോ മെട്രിക് വിവരമുള്ളവർക്ക് എല്ലാം ആധാർ കാർഡ് നൽകാൻ സുപ്രീംകോടതി നിർദേശിച്ചു.
ഭിന്നശേഷിക്കാർക്കുള്ള സാക്ഷ്യപത്രങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് നൽകാൻ മണിപ്പൂർ ആരോഗ്യ സെക്രട്ടറിക്കും നിർദേശം നൽകി. നുഴഞ്ഞുകയറ്റക്കാർക്ക് ആധാർ കിട്ടില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട പരിശോധന നടത്താൻ മണിപ്പൂർ സർക്കാറിനെ കോടതി അനുവദിച്ചു.
മണിപ്പൂരിലെ ഭരണപരമായ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടുന്നതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആശങ്ക പ്രകടിപ്പിച്ചു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയും മണിപ്പൂർ സർക്കാറും തമ്മിൽ തീർക്കേണ്ടതാണ് അവയെന്നും മേത്ത വാദിച്ചു. ഈ വാദം സുപ്രീംകോടതി അംഗീകരിച്ചു.
മണിപ്പൂർ കലാപ കേസിൽ ഹൈകോടതി മുമ്പാകെ ഹാജരാകുന്നതിൽനിന്ന് ഒരു അഭിഭാഷകനെയും തടയരുതെന്നും അങ്ങനെ സംഭവിച്ചാൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകർക്ക് പ്രയാസമില്ലാത്ത തരത്തിൽ വിഡിയോ കോൺഫറൻസ് സംവിധാനം കാര്യക്ഷമമാക്കണം. കലാപത്തിൽ കത്തിച്ച സ്വത്തുക്കളുടെ കാര്യം സമിതി പരിശോധിക്കും.
മണിപ്പൂർ ഹൈകോടതിക്ക് മുമ്പാകെ ഹാജരാകുന്നതിൽനിന്ന് ഒരു അഭിഭാഷകനെയും ആരും തടയുന്നില്ലെന്ന് ബോധിപ്പിച്ച മണിപ്പൂർ ബാർ അസോസിയേഷനോട് അതിന് തെളിവായി ഇരുവിഭാഗം അഭിഭാഷകരും അണിനിരന്ന കേസുകളുടെ ഇടക്കാല ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. ഏറ്റുവാങ്ങാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടിക്ക് സുപ്രീംകോടതി മണിപ്പൂർ സർക്കാറിനെ ചുമതലപ്പെടുത്തി.
60 ശതമാനം ഇരകൾക്കും നഷ്ടപരിഹാരം നൽകിയെന്ന മണിപ്പൂർ സർക്കാറിന്റെ വാദം ഖണ്ഡിച്ച കുകികളുടെ അഭിഭാഷകൻ 60 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയതെന്ന് ബോധിപ്പിച്ചു. മ്യാന്മറുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയ പരാമർശം കുകികളുടെ അഭിഭാഷകൻ ചോദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.