‘ലക്ഷ്യം കൊണ്ട് മാർഗം ന്യായീകരിക്കേണ്ട’: ജമ്മു കശ്മീർ കേസിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്ന സാഹചര്യം അംഗീകരിക്കില്ലെന്ന് ജമ്മു കശ്മീർ കേസിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. മാർഗവും ലക്ഷ്യവും ഒരുപോലെയായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു. ജീവൻ രക്ഷിക്കാൻ അവയവം മുറിച്ചുമാറ്റേണ്ടി വന്നാലും അവയവത്തിനായി ജീവൻ നഷ്ടപ്പെടുത്താനാവില്ലെന്ന എബ്രഹാം ലിങ്കന്റെ വാക്കുകളോടെ കേന്ദ്ര സർക്കാറിന് വേണ്ടി അറ്റോർണി ജനറൽ തന്റെ വാദം തുടങ്ങിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കാൻ കൈക്കൊണ്ട നടപടിക്രമമത്രയും നിയമവിരുദ്ധമായിരുന്നുവെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ബോധിപ്പിച്ചിരുന്നു. ഹരജിക്കാരുടെ ഒമ്പത് ദിവസത്തെ വാദം കഴിഞ്ഞാണ് കേന്ദ്ര സർക്കാറിന്റെ പ്രതിവാദം വ്യാഴാഴ്ച തുടങ്ങിയത്.
ജമ്മു കശ്മീരും ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ഉദ്ഗ്രഥനം സാധ്യമാക്കുകയായിരുന്നു 370ാം അനുച്ഛേദത്തിന്റെ ലക്ഷ്യമെന്ന് എ.ജി വാദിച്ചു. മറ്റു സംസ്ഥാനങ്ങളെ ഇന്ത്യയുമായി ലയിപ്പിച്ച പോലെ തന്നെയാണ് 370ഉം വിഭാവനം ചെയ്തത്. അതിർത്തി സംസ്ഥാനങ്ങൾ ഇന്ത്യയുടെ പ്രത്യേക ഭൂപ്രദേശമാണ്. അവയുടെ പുനർ രൂപവത്കരണം പ്രത്യേക പരിഗണന ആവശ്യമായ വിഷയങ്ങളാണ്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ഉത്തരവും ശരിയായ പ്രക്രിയയായിരുന്നുവെന്നും എ.ജി വാദിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം അനുച്ഛേദം താൽക്കാലികമാണോ സ്ഥിരമാണോ എന്ന് രാജ്യത്തെ ഒരു പ്രത്യേക വിഭാഗത്തിന്റെ മനസ്സിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. 370ാം അനുച്ഛേദം റദ്ദാക്കിയതോടെ അതിന് അറുതി വരുത്തി. അതിന് ശേഷം ജമ്മു കശ്മീരിലുള്ളവരുടെ മൗലികാവകാശങ്ങളും അവകാശങ്ങളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ പോലെയായെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.