താഹിർ ഹുസൈന്റെ ജാമ്യത്തിൽ സുപ്രീംകോടതിയുടെ ഭിന്നവിധി
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭാ തെഞ്ഞെടുപ്പിൽ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ സ്ഥാനാർഥിയായ മുൻ ആപ് കൗൺസിലർ താഹിർ ഹുസൈന്റെ ജാമ്യ ഹരജിയിൽ സുപ്രീംകോടതിയുടെ ഭിന്ന വിധി. ജസ്റ്റിസ് പങ്കജ് മിത്തൽ ജാമ്യ ഹരജി തള്ളിയും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ഇടക്കാല ജാമ്യം അനുവദിച്ചും വെേവ്വറെ വിധിയെഴുതി.
ഇരുവരുടെയും അഭിപ്രായം വ്യത്യസ്തമായതിനാൽ മൂന്നാമതൊരു ജഡ്ജി ജാമ്യ ഹരജി കേൾക്കുകയോ പുതിയ മൂന്നംഗ ബെഞ്ചിന് വിടാനോ വിഷയം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പരിഗണനക്ക് സമർപ്പിക്കുകയാണെന്ന് ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് പങ്കജ് മിത്തൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താഹിർ ഹുസൈന് ജാമ്യം അനുവദിക്കുന്നത് പണ്ടോറയുടെ പെട്ടി തുറക്കലാകുമെന്ന് പറഞ്ഞാണ് ഹരജി തള്ളണമെന്ന അഭിപ്രായം ജസ്റ്റിസ് മിത്തൽ പ്രകടിപ്പിച്ചത്. ഓരോ വർഷവും തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യത്ത് ജയിലിലുള്ള ഓരോ തടവുകാരനും മത്സരിക്കാൻ ജാമ്യം ചോദിച്ച് വരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി, ജയിലിൽനിന്ന് പുറത്തുവന്ന് വോട്ടുചെയ്യാൻ ഇടക്കാല ജാമ്യം തേടുന്ന സാഹചര്യവുമുണ്ടാകും. താഹിർ ഹുസൈനെതിരെ അതിഗുരുതരമായ കുറ്റാരോപണമാണുള്ളതെന്നും അദ്ദേഹം കേസിലെസാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ജസ്റ്റിസ് മിത്തൽ തുടർന്നു.
എന്നാൽ, ഉചിതമായ ഉപാധികളോടെ ഫെബ്രുവരി നാലുവരെ താഹിർ ഹുസൈന് ജാമ്യം അനുവദിക്കാമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല വിധിയിൽ വ്യക്തമാക്കി. ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ താഹിർ സംസാരിക്കരുതെന്നും ഇടക്കാല ജാമ്യത്തിന്റെ സമയപരിധി കഴിഞ്ഞാൽ ജയിലധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നും ഉപാധി വെക്കാം. സുപ്രീംകോടതി വിധികളിൽനിന്ന് കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും ജാമ്യഹരജിയിൽ മാനദണ്ഡമല്ലെന്നും ജസ്റ്റിസ് അമാനുല്ല ഓർമിപ്പിച്ചു.
ആപ് നേതാവും കൗൺസിലറുമായിരുന്ന താഹിർ ഹുസൈനെ പൗരത്വ സമരം കൊടുമ്പികൊണ്ടപ്പോഴുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട 10 കേസുകളിലാണ് പ്രതിയാക്കിയത്. ഇവയിലെല്ലാം ജനത്തെ അക്രമത്തിന് പ്രേരിപ്പിച്ച കുറ്റമാണ് താഹിറിനെതിരെ ചുമത്തിയിരുന്നത്. ഒമ്പത് കേസുകളിലും താഹിറിന് ജാമ്യം അനുവദിച്ചു.
ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ മാത്രമാണ് ജാമ്യം അനുവദിക്കാതിരുന്നത്. ഈ കേസിൽ ജാമ്യം നൽകുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ജസ്റ്റിസ് പങ്കജ് മിത്തൽ അധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വീണ്ടും വാദം കേട്ടപ്പോഴാണ് ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ഭിന്ന വിധിയുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.