‘അമിതാഭ് ബച്ചന് 82, ഇപ്പോഴും ജോലി ചെയ്യുന്നു’; ശരദ് പവാറിനെ പരിഹസിച്ച അജിത്തിന് സുപ്രിയ സുലെയുടെ കിടിലൻ മറുപടി
text_fieldsമുംബൈ: എൻ.സി.പി ദേശീയ അധ്യക്ഷനും പിതാവുമായ ശരദ് പവാറിനെ പരിഹസിച്ച അജിത്ത് പവാറിന് കിടിലൻ മറുപടിയുമായി സുപ്രിയ സുലെ. 83 വയസ്സായിട്ടും നിങ്ങൾക്ക് (ശരദ്) നിർത്താറായില്ലേയെന്ന് അജിത് പവാർ ചോദിച്ചിരുന്നു.
'ഐ.എ.എസ് ഓഫിസർമാർ 60 വയസ്സിൽ വിരമിക്കുന്നു. രാഷ്ട്രീയത്തിൽ നോക്കൂ, ബി.ജെ.പി നേതാക്കൾ 75 വയസ്സിൽ വിരമിക്കുന്നു. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും നോക്കൂ. പുതിയ തലമുറ ഉയർന്നുവരാൻ വേണ്ടിയാണ് ഇത്. താങ്കൾക്ക് (ശരദ് പവാറിന്) 83 വയസ്സായി. ഇനിയും നിർത്താൻ പോകുന്നില്ലേ. അങ്ങയുടെ ആശീർവാദം തന്നാൽ ദീർഘായുസ്സിന് വേണ്ടി പ്രാർഥിച്ചുകൊള്ളാം' -അജിത് പവാർ പറഞ്ഞു.
എന്നാൽ, നിങ്ങൾക്ക് ആരെ വേണമെങ്കിലും അക്രമിക്കാമെന്നും പക്ഷേ തന്‍റെ പിതാവിനുനേരെ വേണ്ടെന്നും അജിത്തിന് സുപ്രിയ മുന്നറിയിപ്പ് നൽകി. മുതിർന്ന രാഷ്ട്രീയക്കാർ 83ാം വയസ്സിലും നിർത്തില്ലെന്നും അവർ വ്യക്തമാക്കി. ‘പവാർ സാഹിബ് എന്റെ പിതാവ് മാത്രമല്ല, അദ്ദേഹം എല്ലാ എൻ.സി.പി പ്രവർത്തകരുടെയും പിതാവാണ്. നിങ്ങൾക്ക് ആവശ്യമുള്ളവരെ ആക്രമിക്കൂ, പക്ഷേ എന്റെ പിതാവിനുനേരെ വേണ്ട... എൻ.സി.പിയെ അഴിമതിക്കാരെന്നാണ് ബി.ജെ.പി വിളിച്ചത്, പക്ഷേ ഇപ്പോൾ അവരുമായി സഖ്യത്തിലായി... സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനെവാലക്ക് 84 വയസ്സുണ്ട്, ഇപ്പോഴും ജോലി ചെയ്യുന്നു... അമിതാഭ് ബച്ചന് 82 വയസ്സുണ്ട്, ഇപ്പോഴും ജോലി ചെയ്യുന്നു’ -സുലെ പറഞ്ഞു.
‘ബി.ജെ.പി സർക്കാറിനെതിരെയാണ് ഈ പോരാട്ടം, രാജ്യത്തെ ഏറ്റവും അഴിമതിനിറഞ്ഞ പാർട്ടിയാണത്. പ്രായമാകുമ്പോൾ മാറിനിൽക്കണമെന്നും അവർ അനുഗ്രഹിച്ചാൽ മാത്രം മതിയെന്നുമാണ് ചിലർ കരുതുന്നത്. അവർ അവരെ എന്തിന് അനുഗ്രഹിക്കണം? രത്തൻ ടാറ്റക്ക് പവാറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ്, അദ്ദേഹമാണ് രാജ്യത്തെ ഏറ്റവും വലിയ ഗ്രൂപ്പിനെ നയിക്കുന്നത്. യഥാർഥ എൻ.സി.പി ശരദ് പവാറിനൊപ്പമാണ്’ -സുലെ കൂട്ടിച്ചേർത്തു.
നേരത്തെ, ശരദ് പവാറിനെ എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി അജിത് പക്ഷം അറിയിച്ചിരുന്നു. ദേശീയ വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തെന്നും 40 എം.എൽ.എമാരും എം.പിമാരും എം.എൽ.സിമാരും യോഗത്തിൽ പങ്കെടുത്തതായും അജിത് പറയുന്നു.
ഇരുപക്ഷവും പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ടുണ്ട്. ഇതിനായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ് ഇരുപക്ഷവും. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. തങ്ങളാണ് യഥാർഥ എൻ.സി.പിയെന്നും പാർട്ടി പേരും ചിഹ്നവും തങ്ങൾക്ക് അനുവദിക്കണമെന്നുമാണ് അജിത് പക്ഷം ആവശ്യപ്പെടുന്നത്. ഏതാനും എം.എൽ.എമാരെയും എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്‍റെ അനുയായി ജയന്ത് പാട്ടീലും തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.